ഗുവാഹത്തി: മദ്യ വില്‍പ്പനയില്‍ നിന്ന് വലിയ വരുമാനമാണ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നത്. പ്രധാന വരുമാന മാര്‍ഗം പോലും മദ്യമാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെക്കുറിച്ച് പറയാറുമുണ്ട്. അതുകൊണ്ട് തന്നെ വിവിധ ബ്രാന്‍ഡുകള്‍ക്ക് നികുതി ചുമത്തിയും സര്‍ചാര്‍ജ് ഈടാക്കിയുംഅടിക്കടി വില കൂട്ടാറുമുണ്ട് നിരവധി സംസ്ഥാനങ്ങള്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ച് വില കുറയ്ക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസം.
സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മാസം മുതല്‍ വില കുറയ്ക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വില്‍പ്പനയുടെ തോത് കൂട്ടി വില കുറച്ചതിലുള്ള നഷ്ടം മറികടക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.34 രൂപ മുതല്‍ 500 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് കുറവ് വരുന്നത്. മദ്യ വില്പനയുടെ അളവ് കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാരിന്റെ നീക്കം.
ഈ വര്‍ഷം മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി മദ്യവില സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ഫലം കണ്ടില്ലെന്ന് മാത്രമല്ല സംസ്ഥാനത്ത് മദ്യ വില്‍പ്പന ഗണ്യമായി കുറയുകയും ചെയതതോടെയാണ് കൂടുതല്‍ വിലക്കുറവ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച സമയത്ത് വില്പന വന്‍തോതില്‍ ഇടിയാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും സര്‍ക്കാരിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വര്‍ദ്ധിപ്പിച്ചതിലും അധികം കുറവു വരുത്താന്‍ പ്രേരിപ്പിച്ചത്. നികുതിയില്‍ വരുന്ന കുറവ് വില്പന കൂടുന്നതിലൂടെ മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.