‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട് ഒരുകാര്യം ചോദിക്കാനുള്ളത് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിനുള്ള ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
ഇന്നത്തെ ബജറ്റിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. കേന്ദ്രസർക്കാർ എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. പദ്ധതികൾ വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. തന്ന കാര്യങ്ങൾ നടപ്പാക്കാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടത്. കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാലേ ഇവിടെ കാര്യങ്ങൾ നടക്കൂ’. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.





