IndiaNEWS

കഥയല്ല, സത്യം: 18 വർഷം മുൻപ് മൂവാറ്റുപുഴ നിന്ന് 30 പവൻ കവർന്ന് നാട്ടുവിട്ട മോഷ്ടാവ് ഇന്ന് മുംബൈയിൽ 4 ജ്വല്ലറികളുടെ ഉടമയായ കോടീശ്വരൻ; ഒടുവിൽ കള്ളൻ  കുടുങ്ങി

സിനിമാക്കഥ പോലെയാണ് സംഭവം. മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നിന്ന്18 വർഷം മുൻപ് 30 പവൻ സ്വർണം മോഷ്ടിച്ചു മുങ്ങിയ  പ്രതിയെ തെരഞ്ഞാണ് കേരള പൊലീസ്  മുംബൈയിലെത്തിയത്.  പക്ഷേ കണ്ടത് അവിശ്വസിനീയമായ കാഴ്ചകൾ…!

പഴയ മോഷ്ടാവ് ഇന്ന് 4 വൻ ജ്വല്ലറികളുടെ ഉടമ. ആഡംബര ബംഗ്ലാവിൽ താമസം. സംരക്ഷണത്തിന് ഗുണ്ടാസംഘങ്ങൾ…! ഒടുവിൽ എല്ലാ ഭീക്ഷണികളെയും അതിജീവച്ച് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചു.  2006ൽ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നടന്ന 30 പവൻ സ്വർണ മോഷണക്കേസിലാണു കടയിലെ മുൻ സ്വർണപ്പണിക്കാരൻ മഹീന്ദ്ര ഹശ്ബാ യാദവിനെ (53) മുംബൈ മുളുണ്ടിൽ നിന്ന് പിടികൂടിയത്.

Signature-ad

ജ്വല്ലറി ഉടമ നവകേരള സദസ്സിൽ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാം, വിട്ടയയ്ക്കണമെന്ന് യാദവ് ആദ്യം അഭ്യർഥിച്ചു. കോടീശ്വരനായ  അയൽവാസി മോഷണക്കേസിൽ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാർ പോലും ആദ്യം വിശ്വസിച്ചില്ല.

 വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. മൂവാറ്റുപുഴയിൽ 15 വർഷത്തോളം കുടുംബസമേതം താമസിച്ചിരുന്നു. ഇയാൾ പതിവായി ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു. 2006ൽ ഇങ്ങനെ പോയശേഷം തിരികെ എത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ, പുനരന്വേഷണത്തിൽ  യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പിൻതുടർന്നാണ് പൊലീസ്  മുംബൈയിലെത്തിയത്.
മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകൾ കൈമാറിയിരുന്നു. 18 വർഷം മുൻപു മുങ്ങി ചെറിയതോതിൽ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് ഇന്ന് 4 ജ്വല്ലറികളുടെ ഉടമയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ ഭീക്ഷണിയുമായി ഇയാളുടെ ഗുണ്ടാസംഘങ്ങൾ മുന്നിലെത്തി. അവരെ പരാജയപ്പെടുത്തി പല ഊടുവഴികളിലൂടെയാണ് പോലാസ് പ്രതിയുമായി പുണെ വിമാനത്താവളത്തിലെത്തി നാട്ടിലേക്കു മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: