Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘തോക്ക് എങ്ങനെ കിട്ടി? ആദായ നികുതി ഉദ്യോഗസ്ഥര്‍ റോയിയെ പരിശോധിക്കാതെ ആണോ അകത്തേക്കു കയറ്റിയത്? നികുതി വെട്ടിപ്പിന് ആരും ആത്മഹത്യ ചെയ്‌തെന്നു കേട്ടിട്ടില്ല; യഥാര്‍ഥ കാരണം പുറത്തുവിടണം’

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ലെന്നും, പക്ഷെ, ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ സിജെ റോയ് ജീവനൊടുക്കിത് എന്തിനാണെന്ന് അറിയേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍.

സിജെ റോയ് മരിച്ചു. കോണ്‍ഫിഡന്റ് ബിസനസ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് തന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. ഇതാണ് വസ്തുത. സിജെ റോയ് എന്തിന്, അവിടെ വെച്ച്, ആ സമയത്തു മരിച്ചു, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ഏതാണ്ട് മൂന്ന് മണിക്കാണ് മരണദിനത്തില്‍ റോയ് ഓഫീസില്‍ എത്തിയത്.

Signature-ad

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനാണ് എത്തിയത് എന്നാണ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് പറയുന്നത്. അതിനിടയില്‍ അമ്മയോട്ട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് റോയ് തന്റെ ചേംബറിലേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് കാബിന് മുന്നിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കയറ്റി വിട്ടില്ല. ആരേയും കയറ്റിവിടരുത് എന്ന ആജ്ഞ നല്‍കിയാണ് റോയ് അകത്ത് കയറിയത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോസഫിനോട് പറഞ്ഞതായി ജോസഫ് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

കഴിഞ്ഞ കുറെക്കാലമായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റ ആദായമാര്‍ഗങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുകയായിരുന്നു. അതൊരു പുതുമയുള്ള കാര്യവുമല്ല. വരുമാന വര്‍ദ്ധനവുള്ള വ്യക്തികളും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വരുന്നത് സ്വാഭാവികമായ കാര്യമാണ്. സിനിമാതാരങള്‍, ക്രിക്കറ്റ് കളിക്കാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, വ്യാപാര വാണിജ്യ പ്രമുഖര്‍ എന്ന് തുടങ്ങി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കുന്ന ആരും ആദായനികുതി വകുപ്പിന്റെ അന്വേഷണ പരിധിയില്‍ വരും.

ആദായനികുതി വകുപ്പിന് നല്‍കിയ കണക്കും യഥാര്‍ത്ഥ കണക്കും തമ്മില്‍ പെരുത്തക്കേടുണ്ടെങ്കില്‍ അവര്‍ പിഴ ചുമത്തും. അത് കോടതയില്‍ ചോദ്യം ചെയ്യപ്പെടും. കോടതി വിധി പ്രകാരമുള്ള തുക അടയ്ക്കുകയും ചെയ്യും. ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ നോക്കി നടത്താന്‍ അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അടങ്ങുന്ന സംഘവും ഈ കൂട്ടര്‍ക്ക് ഉണ്ടാകും. ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആദായനികുതി വകുപ്പിന്റെ ഏത് അന്വേഷണവും പിഴയടച്ച് അവസാനിപ്പിക്കാവുന്ന കാര്യം മാത്രമാണ്.

ആദായനികുതി വകുപ്പിന്റെ അന്വേഷണം നടന്നാല്‍ തകര്‍ന്നു പോകുന്നതാണ് തന്റെ അഭിമാനമെന്ന് കരുതുന്ന ഒരു ലോല മനസ്‌കനാണ് സിജെ റോയ് എന്ന് അദ്ദേഹത്തെ പരിചയമുള്ള ആരും പറയില്ല. ഒരു കൃഷ്ണന്‍ നമ്പൂതിരി നടത്തിയിരുന്ന ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്ന നിര്‍മ്മാണ കമ്പനിയുടെ കീഴില്‍ പി ആര്‍ പണി ചെയ്തിരുന്ന വ്യക്തിയാണ് റോയ്. അവിടെ നിന്നാണ് റോയി തന്റെ സാമ്രാജ്യത്തിന് തുടക്കമിട്ടത്. അദ്ധ്വാനവും ഭാഗ്യവും റോയിക്ക് ഒപ്പമുണ്ടായിരുന്നു. റോയിയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. മാധ്യമങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന പരസ്യദാതാവായി റോയി അറിയപ്പെട്ടു. പലപ്പോഴും നഷ്ടത്തിലോടുന്ന ചാനലുകളെ പിടിച്ച് നിര്‍ത്തിയതും റോയി തന്നെ ആയിരുന്നു.

ഉണ്ട ചോറിന് മാധ്യമങ്ങള്‍ നന്ദി കാണിച്ചു. റോയിയുടെ മരണത്തിന് അവര്‍ ഉടന്‍ ഉത്തരവാദിയെ കണ്ടെത്തി. വില്ലന്‍ ആദായനികുതി വകുപ്പ് ജീവനക്കാരാണ്. അവരുടെ അന്വേഷണമാണ് റോയിയുടെ ജീവന്‍ എടുത്തത് എന്നും അവര്‍ വിധിയെഴുതി. കര്‍ണ്ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങുന്നതിനും മുന്‍പേ തന്നെ മുഖ്യധാരാ മാധ്യമ ചാനലുകള്‍ കുറ്റവാളിയെ കണ്ടെത്തി. അവര്‍ തിന്ന ചോറിന് നന്ദി അറിയിച്ചു.

റോയിക്ക് ഉള്ളതായി പറയപ്പെടുന്ന ആസ്തിയുടെ ഒരു ചെറിയ വിഹിതം അടച്ചാല്‍ തീരാവുന്നതാകും ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് ചുമത്താവുന്ന ഏത് പിഴയും. അക്കാര്യം അറിയാത്ത ആളല്ല റോയി. ഇക്കാര്യത്തില്‍ ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ റോയിക്ക് സഹായികളും ഉണ്ട്. ആദായനികുതി വകുപ്പിന്റെ അന്വേഷണം ഉണ്ടാക്കാവുന്ന മാനഹാനിയും എത്രയാണെന്ന് നിശ്ചയുള്ള വ്യക്തിയാണ് റോയി.

സ്വാഭാവികമായും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ നിന്നും രക്ഷനേടാനായി ജീവിതം അവസാനിപ്പിക്കാം എന്നു കരുതുന്ന ദുര്‍ബ്ബലനാണ് റോയി എന്ന് കരുതുന്നത് റോയിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് റോയി എന്തിന് വേണ്ടി ആത്മഹത്യ ചെയ്തു എന്ന് കണ്ടെത്തുക തന്നെ വേണം. അതിന്റെ ഉത്തരവാദിത്വം ആദായനികുതി വകുപ്പിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത് യഥാര്‍ത്ഥ കാരണം കണ്ടെത്താതിരിക്കുന്നതിന് വേണ്ടിയാണെന്ന് ന്യായമായും കരുതാവുന്നതാണ്.

തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത്, തന്റെ സിംഹാസനത്തില്‍ ഇരുന്ന് തന്നെ മരിക്കാന്‍ റോയി എന്തു കൊണ്ട് തീരുമാനിച്ചു? വെടിവെച്ചു മരക്കാനായി തോക്കും കരുതിയാണോ റോയ് അവിടെ എത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നു. തോക്കുമായിട്ടല്ല റോയി വന്നത് എന്നു സങ്കല്പിച്ചാല്‍ തോക്ക് അദ്ദേഹത്തിന്റെ ചേംബറില്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടി വരും. അപ്പോള്‍ ഉയരുന്ന ചോദ്യം തന്റെ ചേംബറില്‍ സ്ഥിരമായി റോയി തോക്ക് സൂക്ഷിക്കാറുണ്ടോ എന്നതാണ്. ഇനി, തോക്കും കൊണ്ടാണ് റോയ് വന്നതെങ്കില്‍, സഞ്ചാര വേളകളില്‍ എല്ലാം റോയി തോക്ക് സൂക്ഷിക്കുമായിരിന്നോ എന്ന ചോദ്യം പ്രസക്തം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാന്‍ ചെല്ലുമ്പോള്‍ മാരകായുധങ്ങള്‍ കയ്യില്‍ സൂക്ഷിക്കുന്നതും നിയമവിരുദ്ധമായ കാര്യമാണ്. ആദായ നികുതി വകുപ്പിനോടൊപ്പം ഉള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിയെ പരിശോധിക്കാതെയാണോ ഉള്ളിലേക്ക് കടത്തിവിട്ടത്? അങ്ങനെയെങ്കില്‍ അത് ഗുരുതരമായ സുരക്ഷാവീഴ്ചയെയാണ് സാധൂകരിക്കുന്നത്. റോയിയുടെ കയ്യില്‍ തോക്ക് എങ്ങനെയാണ് എത്തിയത് എന്നതും അന്വേഷണം അര്‍ഹിക്കുന്നു.

റോയിയെ സംബന്ധിച്ചിടത്തോളം ജീവന്‍ ബലിനല്‍കി സംരക്ഷിക്കേണ്ട എന്തു കാര്യമാണ് ഉണ്ടായിരുന്നത് എന്ന ചോദ്യം ചോദിക്കാതിരിക്കാനാകില്ല. അതിന് മറുപടി കിട്ടുക തന്നെ വേണമെന്നും ഡോ. കെ. എസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: