തൃശൂര്‍: നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ (90) അന്തരിച്ചു. 200ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
ആറര പതിറ്റാണ്ടിലേറെ അരങ്ങിലും അണിയറയിലും നാടകത്തെ പ്രണയിച്ച് നടന്ന ജോസ് പായമ്മല്‍ കേരളത്തിനകത്തും പുറത്തുമായി 15,000ല്‍ ഏറെ വേദികളില്‍ കാണികളെ വിസ്മയപ്പെടുത്തി. 14 ാം വയസില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് ചര്‍ച്ചില്‍ പി.കേശവദേവിന്റെ ‘ കാശും കിട്ടി പെണ്ണും കിട്ടി ‘ എന്ന നാടകത്തില്‍ അഭിനയിച്ചാണ് അരങ്ങേറ്റം. പിന്നീട് പതിറ്റാണ്ടുകളോളം നാടകത്തിനൊപ്പം ജോസ് സഞ്ചരിച്ചു. നാടകം ജോസിനൊപ്പവും. അഭിനയത്തിന് ഒപ്പം രചനയും സംവിധാനവും സംഗീതവും ശബ്ദവും വെളിച്ചവുമെല്ലാം ജോസിനൊപ്പം ചേര്‍ന്നു. തൃശൂര്‍ പൂരം പ്രദര്‍ശനത്തില്‍ അമ്പത് വര്‍ഷത്തോളം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 80 ാം വയസ് വരെ അഭിനയം തുടര്‍ന്നു.
കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു പൂജ അവാര്‍ഡ്. ടിഎന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകന്‍: ലോന ബ്രിന്നര്‍. മരുമകള്‍: സുനിത ബ്രിന്നര്‍.