തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ കൊടുംക്രിമിനല്‍ ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍, രണ്ടാം പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദിനെ (21) പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് കാമുകിക്ക് അയച്ച വാട്സാപ് സന്ദേശം. കൊലപാതകം നടത്തിയശേഷം 4 ദിവസമായി ഒളിവിലായിരുന്നു ഇനാദ്. സൈബര്‍ സെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതായി പിന്നീട് മനസ്സിലായി. ഇനാദ് വാട്സാപ്പില്‍ കാമുകിക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. കാമുകിയില്‍നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് വീട്ടില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
പൊലീസിന്റെ നീക്കങ്ങള്‍ സുഹൃത്തുക്കള്‍ ഇനാദിനു കൈമാറിയിരുന്നു. ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുപത്തിയേഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തിട്ട് സംഘം ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഷിബിലിയുടെ സുഹൃത്ത് ബാദുഷ ഒരു മാസം മുന്‍പ് ഇനാസിനെ മര്‍ദിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. ബീമാപ്പള്ളിക്കു സമീപത്തുവച്ചു ഇനാസിനെ ഷിബിലിയും മര്‍ദിച്ചു. ഇനാസ് സഹോദരന് ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.