IndiaNEWS

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പിന്തുണയ്ക്കും; ഐസിസി ചെയര്‍മാനാകാന്‍ ജയ് ഷാ

മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും. ഗ്രെഗ് ബാര്‍ക്ലെ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ, ഈ ഒഴിവിലേക്കു ജയ് ഷാ വരാനാണു സാധ്യത. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും വരാന്‍ താല്‍പര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ മൈക് ബയേര്‍ഡിനെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അറിയിച്ചത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡിസംബര്‍ ആദ്യം ജയ് ഷാ ഐസിസി ചെയര്‍മാനായി സ്ഥാനമേല്‍ക്കും. നിലവിലെ ചെയര്‍മാന് ഈ വര്‍ഷം നവംബര്‍ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാര്‍ക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 27വരെ നാമനിര്‍ദേശ പത്രിക നല്‍കാന്‍ സമയമുണ്ട്. ഒന്നിലേറെ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും.

Signature-ad

ഐസിസി നിയമപ്രകാരം 16 വോട്ടുകളാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഉണ്ടാകുക. ജയിക്കാന്‍ ഒന്‍പതു പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ ചെയര്‍മാനാകാന്‍ മൂന്നില്‍ രണ്ടു പേരുടെ പിന്തുണ ലഭിക്കണമായിരുന്നു. ഐസിസി തലപ്പത്തെത്തിയാല്‍ ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാകും 35 വയസുകാരനായ ജയ് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

Back to top button
error: