CrimeNEWS

കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നു; പോലീസിനെ വട്ടംചുറ്റിച്ച് വീട്ടമ്മയുടെ കവര്‍ച്ചക്കഥ

ഇടുക്കി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവര്‍ന്നെന്ന പരാതിയില്‍ വട്ടംചുറ്റി പോലീസ്. അന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത് വീട്ടമ്മയുടെ നാടകം. നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം.

മുഖംമറച്ചെത്തിയ രണ്ടുപേര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും പണം അപഹരിച്ചെന്നായിരുന്നു ആരോപണം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച പകല്‍ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയല്‍വാസിയായ യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകില്‍ മുട്ടുന്നതുകേട്ട് വീടിന്റെ പിന്‍വശത്തെത്തിയപ്പോള്‍ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞു. വീടിനുള്ളില്‍ കടന്ന് തന്നെ തള്ളിതാഴെയിട്ടു. അലമാരിയുടെ താക്കോല്‍ എടുപ്പിച്ചെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ബാങ്കില്‍നിന്ന് കൊണ്ടുവന്ന് അലമാരിയില്‍ വെച്ച പത്തുലക്ഷത്തിലധികം രൂപയുമായി മോഷ്ടാക്കള്‍ പോയെന്നും വീട്ടമ്മ പറഞ്ഞു.

Signature-ad

എന്നാല്‍, വിശദമായ മൊഴിയെടുപ്പില്‍ ആരോപണം വ്യാജമാണെന്ന് പോലീസിന് ബോധ്യമായി. കുടുംബം വര്‍ഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയ ചിട്ടി അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ നടന്ന വ്യാജ മോഷണക്കഥ ചിട്ടിയില്‍ ചേര്‍ന്നവരെയും ആശങ്കയിലാക്കി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

Back to top button
error: