KeralaNEWS

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്; കതക് പൊളിച്ച് അകത്തു കയറി

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. കതക് പൊളിച്ചാണ് എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്. എട്ടു പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഇവര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന.

എന്‍.ഐ.എ.യുടെ തെലങ്കാനയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. വാറണ്ടുമായാണ് സംഘമെത്തിയിരിക്കുന്നത്. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്.

Signature-ad

ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. റെയ്ഡിന് ശേഷം മുരളിയെ എന്‍.ഐ.എ. ചോദ്യം ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാലു വര്‍ഷത്തത്തോളം പുനെ യേര്‍വാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019 ലാണ് ജയില്‍ മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ മുരളി 1976ലെ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായിരുന്നു.

2023-ലാണ് തെലങ്കാനയില്‍ വെച്ച് മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാകുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍.

Back to top button
error: