അങ്കാറ(തുര്‍ക്കി): തടവില്‍ മരിച്ച യുക്രൈനിയന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വിറ്റതായി ആരോപണം. റഷ്യ വിട്ടുനല്‍കിയ പല യുക്രൈനിയന്‍ സൈനികരുടെ മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങള്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫ്രീഡം ടു ഡിഫന്‍ഡേഴ്സ് ഓഫ് മരിയുപോള്‍ ഗ്രൂപ്പിന്റെ മേധാവി ലാറിസ സലേവയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ അങ്കാറയില്‍ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
റഷ്യയുടെ തടങ്കലില്‍ കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങള്‍ പലപ്പോഴും വിട്ടുകിട്ടുമ്പോള്‍ അവരനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ആ മൃതദേഹങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ പീഡിപ്പിക്കപ്പെട്ട മൃതദേഹങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്നത്, അവയവങ്ങള്‍ നഷ്ടപ്പെട്ട ശരീരങ്ങളാണ് റഷ്യ വിട്ടുനല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
യുക്രൈനിയന്‍ യുദ്ധത്തടവുകാരെ ലക്ഷ്യം വെച്ച് റഷ്യയില്‍ വന്‍ അവയവമാഫിയ പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിച്ചു. ഈ കുറ്റകൃത്യത്തിന് തടയിടാന്‍ ലോകമെമ്പാടു?ം ഇതിനെപറ്റി ഉറക്കെ സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.
റഷ്യയില്‍ തടവിലുള്ള സൈനികരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കണമെന്ന് സലേവ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോട് അഭ്യര്‍ത്ഥിച്ചു. യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നതടക്കമുള്ള എല്ലാ മാനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തുര്‍ക്കി മേല്‍നോട്ടം വഹിക്ക?ണമെന്നും അവര്‍ പറഞ്ഞു. ജനീവ കണ്‍വെന്‍ഷനുകളും മനുഷ്യാവകാശ നിയമങ്ങളുമെല്ലാം റഷ്യ ലംഘിച്ചുവെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ അവയവ വ്യാപാരം സംബന്ധിച്ച ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. തങ്ങളുടെ സൈന്യത്തെ ലോകത്തിന് മുന്നില്‍ പൈശാചിക വത്കരിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റഷ്യയുടെ ആരോപണം. പതിനായിരത്തിലധികം യുക്രൈനിയക്കാര്‍ ഇപ്പോഴും റഷ്യയുടെ തടവിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2022 ഫെബ്രുവരിയിലാണ് യുക്രൈന്‍ -റഷ്യ യുദ്ധം ആരംഭിച്ചത്.