CrimeNEWS

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് : സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.

ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ കൊലപ്പെടുത്തി 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.

Signature-ad

മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കളിയാവര്‍ക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.

Back to top button
error: