KeralaNEWS

രക്ഷാപ്രവര്‍ത്തനം ഹൈജാക്ക് ചെയ്തു ചാനലുകളും യൂട്യൂബര്‍മാരും; വ്യാജ രക്ഷാപ്രവര്‍ത്തകരും തലവേദനയായി

ബംഗളുരു: കനത്ത മഴയെ തുടര്‍ന്ന് ഒരുവന്‍ മല തന്നെയാണ് കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞു പതിച്ചത്. വന്‍ ദുരന്തം തന്നെയാണ് ഉണ്ടായതെങ്കിലും അര്‍ജുന്‍ എന്ന മലയാളിയുടെ സാന്നിധ്യമാണ് ഈ വാര്‍ത്തയെ ദേശീയ തലത്തിലേക്ക് അറിയപ്പെടുന്ന വിധത്തില്‍ വളര്‍ത്തിയത്. പൊതുവേ കന്നഡയിലെ സംവിധാനങ്ങളുടെ മെല്ലേപ്പോക്ക് അപകടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് അധികൃതര്‍ക്ക് പോലും ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയായി.

16ന് അര്‍ജുനെ കാണാതായെങ്കിലും അപകടത്തില്‍ അര്‍ജുന്‍ എന്ന മലയാളി ഉള്‍പ്പെട്ടിട്ടുണ്ട് എന്നു വന്നതോടെ കേരളത്തില്‍ വിഷയം വലിയ വാര്‍ത്തയായി. ഇതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും വിളിച്ചു. ഇതോടെ അര്‍ജുനെ കണ്ടെത്താന്‍ കേരളം ഒരുമിക്കുന്നു എന്ന വിധത്തില്‍ വാര്‍ത്തകളായി. പതിയെ പതിയെ വാര്‍ത്ത സെന്‍സേഷണലാക്കാനുള്ള അവസരം ചാനലുകള്‍ക്ക് വരികയും ചെയ്തു.

Signature-ad

രക്ഷപ്രവര്‍ത്തനം റിപ്പോര്‍ട്ടു ചെയ്യാന്‍ വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടങ്ങുന്നവര്‍ അവിടേക്ക് തിരിച്ചു. പിന്നാലെ ലൈവുകളുടെ പെരുമഴയും. ഇതോടെ കര്‍ണാടകയിലെ രക്ഷപ്രവര്‍ത്തനത്തെ കേരളം ഹൈജാക്ക് ചെയ്യുന്നു എന്ന പ്രതീതി പോലും ഉണ്ടായി. മുന്‍പ് പലയിടങ്ങളിലും ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അര്‍ജുന് വേണ്ടി തിരിച്ചല്‍ നടത്തി. ഒരു ഘട്ടത്തില്‍ മലയാളികള്‍ പറയുന്ന അവസ്ഥയില്‍ പോലുമായി രക്ഷാപ്രവര്‍ത്തനം മുന്നേറിയത്. മാധ്യമങ്ങളെ അകറ്റി നിര്‍ത്തി സൈന്യം ദൗത്യം ഏറ്റെടുത്തതോടെയാണ് ഒടുവില്‍ അര്‍ജുന്റെ ലോറി ലൊക്കേറ്റ് ചെയ്യുന്നത്. ഇപ്പോള്‍ ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങളും ട്രോളുകളുമാണ് ഉയരുന്നതും.

റിപ്പോര്‍ട്ടര്‍ ചാനനും അരുണ്‍ കുമാറിനും ഇടവേളകള്‍ ഇല്ലാതെ ലൈവുമായി എത്തിയതോടെ ഷിരൂര്‍ ദുരന്തത്തില്‍ മാധ്യമങ്ങള്‍ മത്സരിക്കുന്ന കാഴ്ച്ചയും കണ്ടു. ലൈവ് വാര്‍ത്ത കണ്ട് ചാനലുകള്‍ക്ക് മുന്നിലേക്ക് വ്യാജരക്ഷാപ്രവര്‍ത്തകരുമെത്തി. കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിക്കുന്ന അവസ്ഥയാണ്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ്. 16ന് അര്‍ജുനെ കാണാതായെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയര്‍ന്നു. കുടുംബം എം.കെ.രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവരെ കണ്ടതിനുശേഷമാണ് തിരച്ചിലിനു കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വേഗം വന്നത്. മാധ്യമങ്ങളുടെ ഇടപെടലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. ഇവരുടെയെല്ലാം ഇടപെടലോടെയാണ് സൈന്യം എത്തിയത് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ആദ്യം കരഭാഗത്ത് തിരയുകയാണ് ഉണ്ടായത്. പിന്നീടാണ് പുഴയിലേക്ക് തിരയാന്‍ തുടങ്ങിയത്. ഇവിടെയാണ് മലയാളികള്‍ തിരച്ചില്‍ വഴിതെറ്റിച്ചു എന്ന ആരോപണം ഉയരാന്‍ ഇടയാക്കിയത്.

കര്‍ണാടകയുടെ തിരച്ചില്‍ കാര്യക്ഷമമല്ല എന്ന് വാര്‍ത്തയും വന്നിരുന്നു. ഇതോടെയാണ് കേരളത്തില്‍ നിന്ന് ചില സന്നദ്ധ പ്രവര്‍ത്തകര്‍ ഷിരൂരിലേക്ക് തിരിച്ചു. മന്ദഗതിയിലായിരുന്നുവെങ്കിലും പുഴയുടെ തീരത്തോടു ചേര്‍ന്നായിരുന്നു കര്‍ണാടക തിരച്ചില്‍ നടത്തിയിരുന്നത്. ചൊവ്വാഴ്ച തന്നെ നാലു മൃതദേഹങ്ങള്‍ കര്‍ണാടക കണ്ടെടുത്തു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയതോടെ കരഭാഗത്ത് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

വാഹന ഉടമയും േകരളത്തില്‍ നിന്ന് ചെന്നവരും ചേര്‍ന്ന് കര്‍ണാടക സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കരഭാഗത്ത് തിരച്ചില്‍ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. ഒരു പരിധിവരെ ഈ ആരോപണങ്ങള്‍ ശരിവെക്കേണ്ടിയും വരും. കാരണം. ചാനലുകള്‍ക്ക് മുന്നിലെത്തിയവര്‍ അത്തരത്തിലായിരുന്നു പെര്‍ഫോമന്‍സ് നടത്തിയത്.

കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടര്‍ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കര്‍ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയില്‍ നിന്നായിരുന്നു. ജിപിഎസ് പ്രവര്‍ത്തിച്ചുവെന്നും എന്‍ജിന്‍ സ്റ്റാര്‍ട്ടായിരുന്നുവെന്നും ഫോണ്‍ റിങ് ചെയ്തുവെന്നുമെല്ലാമുള്ള പ്രചരണങ്ങളെയും ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നു. ലോറിയുടേത് അത്യാധുനിക കാബിനാണെന്നും തകരില്ലെന്നും വരെ പ്രചരണമുണ്ടായി. ഇതില്‍ പലതും സമൂഹ മാധ്യമങ്ങളില്‍ ആരൊക്കെയോ സൃഷ്ടിച്ചതാണെന്നും അവ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണുണ്ടായതെന്നും ഇപ്പോള്‍ തെളിയുന്നു.

അര്‍ജുനുവണ്ടിയുള്ള തിരച്ചില്‍ പബ്ലിസിറ്റി സ്റ്റന്‍ഡ് ആക്കി മാറ്റാനായിരുന്നു ചിലര്‍ ശ്രമിച്ചതെന്നാണ് മറ്റൊരു ആരോപണം. യാതൊരു കാര്യവും ഇല്ലാതിരുന്നിട്ടും ചിലര്‍ വണ്ടിയും വിളിച്ച് അവിടേക്ക് പോയി. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പൈട മൂന്നു കിലോമീറ്റര്‍ ദൂരത്തേക്ക് മാറ്റിനിര്‍ത്തേണ്ടി വന്നു പൊലീസിന്. രക്ഷാപ്രവര്‍ത്തനത്തിനെന്നു പറഞ്ഞു ചെന്നവരെ നിയന്ത്രിക്കലായി പൊലീസിന്റെ അടുത്ത പണി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കേരളത്തിലെ ജില്ലാ കലക്ടറുടെ പക്കല്‍ നിന്നും അനുമതി വാങ്ങി വരാനാണ് പൊലീസ് കേരളത്തില്‍ നിന്ന് ചെന്നവരോട് പറഞ്ഞത്.

സ്ഥലത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവര്‍ത്തനത്തിനു ഷിരൂരിലേക്ക് പോയത്. പെരുമഴയായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് അവിടെയെത്തിയ ചിലര്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചത്. പിന്നെ എന്തറിഞ്ഞിട്ടാണ് കുറ്റിയും പറിച്ച് അങ്ങോട്ട് പാഞ്ഞത് എന്നതാണ് സമൂഹ മാധ്യമത്തില്‍ ഉയരുന്ന ചോദ്യം.

ഇത്തരം ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു നേതൃത്വം നല്‍കുന്നത് സര്‍ക്കാരുകളാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ച് അവര്‍ പറയുന്നതുപോലെ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പോലും പിന്‍മാറിയ കുത്തൊഴുക്കുള്ള കലങ്ങിമറിഞ്ഞ നദിയിലാണ് ഇവിടെ നിന്നു പോയ ചിലര്‍ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന് പറയുന്നത്. ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടി അടുത്ത തിരച്ചില്‍ നടത്തേണ്ടി വരുമെന്ന് അറിയാമെന്നതിനാല്‍ ആരെയും പുഴയിലിറങ്ങാന്‍ കര്‍ണാടക അനുവദിച്ചില്ല. അപകടം നടന്ന ആദ്യഘട്ടത്തല്‍ അലംഭാവം കാണിച്ചെങ്കിലും പിന്നീട് കര്‍ണാടക സ്വീകരിച്ച നിലപാടാണ് ശരിയെന്നാണ് സമൂഹ മാധ്യമത്തില്‍ ചര്‍ച്ച നടക്കുന്നത്.

രാഷ്ട്രീയ സമ്മദര്‍ദ്ദഫലമായെങ്കിലും ഷിരൂരില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി. എന്നാല്‍ ഇതിനേക്കാള്‍ വലിയ ദുരന്തം നടന്ന കവളപ്പാറയിലും പുത്തുമലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എത്തിയോ എന്നത് അടക്കമുള്ള ചോദ്യങ്ങളും ഉരുന്നുണ്ട്. പുത്തുമലയിലും കവളപ്പാറയിലും ഇപ്പോളും നിരവധിപ്പേരെ കണ്ടെടുക്കാനുണ്ടെന്ന യാഥാര്‍ഥ്യവും ബാക്കിയാണ്. ഇത്തരം നിരവധി കാര്യങ്ങളാണ് ഈ അര്‍ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് ഉയരുന്നത്.

Back to top button
error: