KeralaNEWS

”ചവിട്ടിപുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ല, കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല”

കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. കെ. കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടി.എന്‍. പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സജീവമാകും.

Signature-ad

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണ്. കെ.സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കള്‍ കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണം. അതല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വോട്ട് തിരുവനന്തപുരത്താണെന്ന് പറഞ്ഞ മുരളീധരന്‍, അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കുമെന്നും ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.

ഇരുട്ടത്തിരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരാണ് പാലോട് രവിക്കെതിരേയുള്ള പോസ്റ്ററിന് പിന്നില്‍. അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണം. തിരുവനന്തപുരം ഡി.സി.സി. യോഗത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് വെച്ച് പറഞ്ഞു.

Back to top button
error: