ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മധുരയില്‍ ഇന്നു രാവിലെയാണ് തീവ്ര തമിഴ് വാദ പാര്‍ട്ടിയായ ‘നാം തമിഴര്‍ കക്ഷി’യുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ 6ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
നാം തമിഴര്‍ കക്ഷിയുടെ മധുരൈ ജില്ലാ ഡപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡില്‍ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ബാലസുബ്രമഹ്ണ്യം. ചൊക്കികുളം ഭാഗത്ത് വച്ച് നാലംഗ അക്രമി സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലസുബ്രമഹ്ണ്യത്തിനെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ടെന്ന് മധുരൈ സിറ്റി പൊലീസ് കമ്മിഷണര്‍ ജെ.ലോകനാഥന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുരൈ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കന്‍മാരുടെ കൊലപാതങ്ങള്‍ വീണ്ടും തമിഴ്‌നാട്ടില്‍ ചര്‍ച്ചയാകുകയാണ്. പത്ത് ദിവസത്തിനിടെയുണ്ടായ രണ്ട് കൊലപാതങ്ങള്‍ പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ആംസ്‌ട്രോങ് കൊലപാതക കേസ് പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയെങ്കിലും, യഥാര്‍ഥ പ്രതികളല്ല പിടിയിലായതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി അടക്കം ആരോപിച്ചിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. അതിനിടെ ആംസ്‌ട്രോങ് കൊലക്കേസ് പ്രതികളിലൊരാളായ തിരുവെങ്കിടം ചെന്നൈ മാധാവരത്തുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടിരുന്നു.