”14 വര്‍ഷം ശ്രീക്കുട്ടന് എനിക്കായി കാത്തിരുന്നു; വേറെ കല്യാണം കഴിക്കട്ടെ എന്ന് കരുതി ഞാന്‍ മൂന്ന് മാസം യുഎസില്‍ പോയി നിന്നു; എന്റെ മകളുടെ കല്യാണത്തിന് മാലയെടുത്ത് കൊടുത്തത് ശ്രീക്കുട്ടനാണ്!”
ഇന്നത്തെ കാലത്ത് ലിവിംഗ് ടുഗദര്‍ എന്നത് എല്ലാവര്ക്കും പരിചിതമായൊരു ജീവിതരീതിയാണ്. എന്നാല്‍ നമ്മുടെ സമൂഹം അത്രയൊന്നും പുരോഗതി കൈ വരിക്കാതിരുന്ന കാലത്ത് പതിനാല് വര്‍ഷത്തോളം ലിവിംഗ് ടുഗദറില്‍ ജീവിച്ചവരാണ് എംജിയും ലേഖയും. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തില്‍ ലിവിംഗ് ടുഗദറിനേയും വിവാഹത്തേയും കുറിച്ച് സംസാരിക്കുകയാണ് ലേഖ ശ്രീകുമാര്‍.
”ഞങ്ങളുടെ കാലത്തും ഒരുപാട് സെലിബ്രിറ്റികള്‍ അങ്ങനെ ജീവിച്ചിരുന്നു. എന്നാല്‍ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രം. കുറേക്കാലം ലിവിംഗ് ടുഗദര്‍ ആയിരുന്നുവെന്ന് മാത്രം. ഞങ്ങള്‍ കല്യാണം കഴിച്ചതു കൊണ്ടാണ് ഇത്രയും ചര്‍ച്ചയാകുന്നത്. ഞാന്‍ വേറെ കല്യാണം കഴിക്കുകയോ ശ്രീക്കുട്ടന് വേറെ കല്യാണം കഴിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ആ കഥ അവിടെ അവസാനിക്കുമായിരുന്നു. ഇത്രയും ശ്രദ്ധിക്കപ്പെടില്ലായിരുന്നു. കല്യാണം കഴിച്ചതു കൊണ്ട് മാത്രമാണ് 36 വര്‍ഷം കഴിഞ്ഞിട്ടും ചോദിക്കുന്നത്.” ലേഖ പറയുന്നു.
ആ പതിനാല് വര്‍ഷവും ശ്രീക്കുട്ടന് കാത്തിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നിമിത്തമായിരിക്കണം എന്ന് തോന്നുന്നു. അദ്ദേഹത്തിന് എഴുതിവച്ച ആളായിരിക്കണം ഞാന്‍. കാത്തിരിക്കണം എന്ന് ഞാന്‍ ഒരിക്കലും ശ്രീക്കുട്ടനോട് പറഞ്ഞിട്ടില്ല. ഇതിനിടെ ഒരുപാട് വിവാഹാലോചനകള്‍ ശ്രീക്കുട്ടന് വന്നിരുന്നു. ശ്രീക്കുട്ടന് വേറെ കല്യാണം കഴിക്കട്ടെ എന്ന് കരുതി ഞാന്‍ മൂന്ന് മാസം യുഎസില്‍ പോയി നിന്നു. അദ്ദേഹം പറഞ്ഞത്, ഏത് പെണ്ണിനെ കാണുമ്പോഴും നിന്റെ മുഖമാണ് മനസിലേക്ക് വരുന്നത്. എന്റെ ജീവിതത്തില്‍ നീയല്ലാതെ വേറൊരു പെണ്ണില്ല എന്നാണ് എന്നും ലേഖ പറയുന്നു.
മകളുടെ കാര്യങ്ങള്‍ നടത്താനും അദ്ദേഹം കൂടെ തന്നെയുണ്ടായിരുന്നു. മകളുടെ കല്യാണത്തിന് മാലയെടുത്ത് കൊടുത്തത് അദ്ദേഹമാണ്. അതൊക്കെ ജീവിതത്തില്‍ ഒരിക്കലും പറ്റാത്ത നിമിഷങ്ങളാണെന്നും ലേഖ പറയുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ അന്നത്തെ സാമൂഹികാവസ്ഥയെ നേരിട്ടതിനെക്കുറിച്ചും ലേഖ ശ്രീകുമാര്‍ സംസാരിക്കുന്നുണ്ട്.
എനിക്ക് വലിയ പ്രായസമായിരുന്നു. പക്ഷെ ചെറുപ്പം ആയതിനാല്‍ അതിനുള്ള ശക്തിയും ബുദ്ധിയുമൊക്കെ ദൈവം തന്നിരുന്നു. മുടങ്ങാതെ ശ്രീകണ്ഠാപുരം ക്ഷേത്രത്തില്‍ പോവുമായിരുന്നു. അതുകൊണ്ടായിരിക്കും ആ ശക്തി ലഭിച്ചത്. ഞാന്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിക്കുന്ന ആളാണ്. അതിനാല്‍ എന്നെ ആരും ചതിക്കില്ല എന്നൊരു വിശ്വാസം എനിക്കുണ്ടെന്നാണ് ലേഖ പറയുന്നത്.