പത്തനംതിട്ട: കോന്നി മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകള് മോഷ്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് തന്‍സീര്‍ മന്‍സില്‍ തന്‍സീര്‍, രജനി വിലാസത്തില്‍ ബിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പക്കല്‍ നിന്നും നാല് ലാപ്ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ കൂടി പിടികൂടുവാനും രണ്ട് ലാപ്ടോപ്പുകള് കൂടി കണ്ടെത്താനും ഉണ്ട് .
സ്കൂളിലെ അലമാരയില്‍ നിന്നും 6 ലാപ്ടോപ്പുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 28ന് സ്കൂളിന്റെ കമ്പ്യൂട്ടര്‍ ലാബിന്റെ പൂട്ട് പൊളിച്ച് നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്കൂളില്‍ പരിശോധന നടത്തിയപ്പോള്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച 6 ലാപ്ടോപ്പുകള് കാണാതായി ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സ്കൂളിലെ പൂട്ടിയിട്ടിരുന്ന അലമാരയുടെ താക്കോല്‍ പോലീസ് പരിശോധന നടത്തുമ്പോള്‍ സ്കൂളില്‍ തന്നെയുണ്ടായിരുന്നു . താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് ലാപ്ടോപ്പുകള് എടുത്തശേഷം താക്കോല്‍ അവിടെത്തന്നെ തിരികെ വച്ചതായിട്ടാണ് പോലീസ് പറയുന്നത്.