CrimeNEWS

വീടിന്റെ മുന്‍ഭാഗത്തെ റോഡില്‍ വിറകിട്ടത് ചോദ്യം ചെയ്തു; കറുകച്ചാലില്‍ ഭിന്നശേഷിക്കാരന് അയല്‍വാസികളുടെ ക്രൂരമര്‍ദനം

കോട്ടയം: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അയല്‍വാസികളുടെ ക്രൂരമര്‍ദനം. കങ്ങഴ സ്വദേശി ജോപ്പനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

അയല്‍വാസികള്‍ തന്റെ വീടിന്റെ മുന്‍ഭാഗത്തായി റോഡില്‍ വിറകു കൊണ്ടിട്ടത് ജോപ്പന്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു ഭിന്നശേഷിക്കാരനായ ജോപ്പനെ ക്രൂരമായി മര്‍ദിച്ചത്. കങ്ങഴ കാരമല സ്വദേശികളായ അന്‍വര്‍, ഭാര്യ ഫാത്തിമ, മകന്‍ ഷൗക്കത്ത് എന്നിവരാണ് പ്രതികള്‍. അന്‍വറും ഫാത്തിമയും യുവാവിനെ മര്‍ദിക്കുന്നത് കണ്ടെത്തിയ മകന്‍ ഷൗക്കത്ത് ചൂരല്‍ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. ശരീരമാസകലം പരിക്കേറ്റ ജോപ്പന്റെ ഇടതു കൈ പൊട്ടി.

Signature-ad

പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോപ്പന്‍ ചികിത്സ തേടിയിരുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള മര്‍ദനം , ഭിന്നശേഷിക്കാരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് എതിരായി കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കറുകച്ചാല്‍ പൊലീസ് അറിയിച്ചു.

Back to top button
error: