കണ്ണൂര്‍: പാനൂര്‍ ചെണ്ടയാട് ബോംബ് സ്‌ഫോടനം. കണ്ടോത്തുംചാല്‍ വലിയറമ്പത്ത് മുക്കില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്. റോഡിന്റെ നടുവില്‍ കെട്ട് ബോംബ് എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കണ്ടോത്തുംചാല്‍ നടേമ്മല്‍ കനാല്‍ പരിസരത്ത് വീട്ടമ്മയുടെ വീടിന്റെ മതിലില്‍ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്ത് പകല്‍ സമയത്ത് സ്‌ഫോടനം നടന്നത്. പാനൂര്‍ സി ഐ, എസ് എച്ച് ഒ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞദിവസം രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരച്ചില്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലെയും ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. കൂത്തുപറമ്പ്, തലശേരി, മാഹി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്‍പ്പെടെ അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.