ന്യൂഡല്‍ഹി: നെറ്റ് ക്രമക്കേടില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാന്‍ ഡാര്‍ക്ക്നെറ്റ് എക്സ്പ്ലോറേഷന്‍ സോഫ്റ്റ്വെയര് അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രാലയ സൈബര്‍ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചു. ജൂണ്‍ 18നായിരുന്നു എന്‍ടിഎയുടെ യുജിസി നെറ്റ് പരീക്ഷ. എന്നാല്‍, പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്നുതന്നെ നാഷനല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് യുജിസിയെ അറിയിച്ചു. ഡാര്‍ക്ക്നെറ്റില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാണെന്നും 5-6 ലക്ഷം രൂപയ്ക്കാണ് ഇതു വിറ്റുപോകുന്നതെന്നുമായിരുന്നു വിവരം.
നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളില്‍ രാജവ്യാപക പ്രതിഷേധം ഇന്നും തുടരും. കോണ്‍ഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, എന്‍ടിഎ നിരോധിക്കുക, ബിജെപി – ആര്‍എസ്എസ് പിടിയില്‍നിന്നു വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണു പ്രതിഷേധം. എന്എസ്യു ജില്ലാ ആസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധ മാര്‍ച്ച് നടത്തും.