ഇന്ത്യയെയും ശ്രീലങ്കയേയും തമ്മിൽ ബന്ധിപ്പിച്ച് കടൽപ്പാലം നിർമിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്രസർക്കാർ. തമിഴ്നാട്ടിലെ ധനുഷ്കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്പാലം നിർമിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ദേശീയപാതാ അതോറിറ്റിക്കാണ് സാധ്യതാ പഠനത്തിന്റെ ചുമതല. റെയിൽ- റോഡ് സൗകര്യങ്ങളോടെയുള്ളതായിരിക്കും പാലം.
6 മാസം മുമ്പ് തയീറാക്കിയ സാമ്പത്തിക സാങ്കേതിക സഹകരണ കരാര്‍ പ്രകാരം 40,000 കോടി രൂപയുടെ പ്രവര്‍ത്തനത്തിന് ധാരണയായിട്ടുണ്ടെന്നും പുതിയ റെയിൽവെ ലൈനും എക്സ്പ്രസ് വേയും ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏഷ്യന്‍ വികസന ബാങ്കിന്റെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞ വർഷം ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാലത്തിന്റെ നിര്‍മാണ സാധ്യത പരിശോധിക്കാമെന്ന് അംഗീകരിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലെ ട്രിങ്കോമാലി, കൊളംബോ തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രീലങ്ക മുന്നോട്ടു വച്ചത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും തലൈമന്നാറിലേക്ക് പോകുന്ന പാലത്തിന് 23 കിലോമീറ്ററാണ് ദൈര്‍ഘ്യം. പാക് കടലിടുക്കിന് കുറുകെ വാഹനങ്ങള്‍ക്ക് പോകാനുള്ള റോഡും റെയില്‍വേ ലൈനുമാണ് വിഭാവനം ചെയ്യുന്നത്.
പാലം പണി പൂർത്തിയായാല്‍ ശ്രീലങ്കയുടെ ഊര്‍ജ, വിനോദസഞ്ചാര, സാംസ്കാരിക മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം വ്യോമ-കപ്പല്‍ മാര്‍ഗങ്ങളിലൂടെയാണ് സാധ്യമാകുന്നത്. പാലം വരുന്നതോടെ ചരക്കുനീക്കം സുഗമവും ചെലവും കുറയും. ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇന്ത്യയുടെ ഏറ്റവും അടുത്ത നയതന്ത്ര പങ്കാളിയായിരുന്ന ശ്രീലങ്ക അടുത്തിടെ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഇത്തരമൊരു പദ്ധതി സാധ്യമായാല്‍ ശ്രീലങ്കയെ ഒപ്പം നിർത്തുകയുമാകാം.
ഈ പാലം നിര്‍മിക്കുന്നതിന് പാരിസ്ഥിതികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. പദ്ധതി പരിസ്ഥിതിയെ ദ്രോഹിക്കുന്നില്ല എന്ന് ഉറപ്പാക്കുന്ന പഠനങ്ങള്‍ അത്യാവശ്യമാണ്. മേഖലയിലെ കാലാവസ്ഥയും പാലം നിര്‍മാണത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച രാമസേതു അല്ലെങ്കില്‍ ആഡംസ് ബ്രിഡ്ജിന്റെ അവശിഷ്ടങ്ങള്‍ പാക് കടലിടുക്കില്‍ ഇപ്പോഴും കാണാന്‍ കഴിയും. ഈ ചരിത്ര നിര്‍മിതികള്‍ക്ക് നാശം സംഭവിക്കാതെയാകണം നിര്‍മാണമെന്ന് ഇതിനോടകം തന്നെ പരിസ്ഥിതി വാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.