ബംഗളുരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍ താരം ദര്‍ശനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ നടന്‍െ്‌റ മുന്‍ മാനേജരുടെ തിരോധാനവുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ദര്‍ശന്‍െ്‌റ മുന്‍ മാേനജരും കര്‍ണാടക ഗഡക് സ്വദേശിയായ മല്ലികാര്‍ജുനെ കുറിച്ച് എട്ടു വര്‍ഷമായി ഒരു വിവരവുമില്ല.
കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയായ ആരാധകന്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദര്‍ശന്റെ വ്യക്തിജീവിതവും വാര്‍ത്തകളിലിടം പിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസില്‍ ദര്‍ശന്റെ പങ്ക് വ്യക്തമായതോടെ ദര്‍ശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോള്‍ മുന്‍ മാനേജരുടെ തിരോധാനവും.
മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദര്‍ശനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്ലികാര്‍ജുന്‍ എന്നാണ് വിവരം. ദര്‍ശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. എന്നാല്‍, കാര്യമായ സാമ്പത്തികഭദ്രത ഇയാള്‍ക്കുണ്ടായിരുന്നില്ല.
സിനിമാ നിര്‍മാണത്തില്‍ നേരിട്ട വലിയ നഷ്ടം മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് മല്ലികാര്‍ജുന്‍ നേരിട്ടിരുന്നത്. പ്രശസ്ത നടന്‍ അര്‍ജുന്‍ സര്‍ജയില്‍ നിന്ന് ഇയാള്‍ ഒരു കോടി രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്റെ പ്രേമ ബരാഹ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ഇയാള്‍. പണം ആവശ്യപ്പെട്ട് അര്‍ജുന്‍, മല്ലികാര്‍ജുന് നോട്ടീസ് അയച്ചതോടെ സംഭവം വലിയ വാര്‍ത്തയായി.
ദര്‍ശനുമായും മല്ലികാര്‍ജുന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ദര്‍ശന്റെ പേരില്‍ പലരില്‍ നിന്നായി ഇയാള്‍ രണ്ട് കോടിയോളം രൂപ വാങ്ങിയിരുന്നു. ഇതറിഞ്ഞതോടെ ദര്‍ശനുമായും പ്രശ്നങ്ങളുണ്ടായി.
2016 മുതല്‍ ഇയാളെക്കുറിച്ച് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു വിവരവുമില്ല. കൊലപാതകക്കേസില്‍ ദര്‍ശന്‍ അറസ്റ്റിലായതോടെ മല്ലികാര്‍ജുന്റെ തിരോധാനവും ചര്‍ച്ചയാവുകയാണ്. മല്ലികാര്‍ജുനെ കാണാതായതില്‍ ദര്‍ശന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ചതിനാണ് രേണുകാസ്വാമി എന്ന യുവാവിനെ ദര്‍ശന്‍ കൊലപ്പെടുത്തിയത്. ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലില്‍നിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. 2011ല്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു.