റോം: അമ്പതാമത് ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലിയിലെ പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാറിന്റെ ബില്ലിനെതിരെയാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷപാര്‍ട്ടി അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ ലിയോനാര്‍ഡോ ഡോണോക്ക് പരിക്കേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലയിലും നെഞ്ചിലും പരിക്കേറ്റ ഡോണോയെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.
ജി 7 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാര്‍ ഇറ്റലിയിലെത്തുന്ന സമയത്ത് പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയിട്ടുണ്ട്.
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പാര്‍ലമെന്റില്‍ നടന്ന കയ്യേറ്റത്തെ അപലപിച്ചു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ശാരീരികമായ കലഹങ്ങളില്ലാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി അംഗങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി. പരിക്കേറ്റ ഡോണോ മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുകയാണെന്നും പരിക്കുകള്‍ വ്യാജമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ജി 7. യുക്രൈന്‍ യുദ്ധവും ഗസ്സയിലെ അധിനിവേശവുമടക്കമുള്ള പ്രശ്നങ്ങളായിരിക്കും ഉച്ചകോടിയിലെ പ്രധാനചര്‍ച്ചകളെന്നാണ് റിപ്പോര്‍ട്ട്.