KeralaNEWS

”മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവര്‍”… ബിനോയ് തോമസിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് വലിയ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ഖേദകരമായ സംഭവമാണുണ്ടായത്. സംസ്ഥാനവും രാജ്യവും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അപകട വിവരം അറിഞ്ഞതുമുതല്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ചരീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മലയാളികളും ഭാരതീയരും തയ്യാറാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Signature-ad

ഈ മാസം അഞ്ചിനാണ് ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്. മൂന്ന് സെന്റില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒറ്റമുറി വീട് വലുതാക്കണമെന്ന ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറിനുതന്നെ ഹൈപ്പര്‍ മാര്‍ട്ടില്‍ പാക്കിംഗ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചിരുന്നു. താമസ സൗകര്യം ലഭിച്ചത് അഗ്‌നിബാധയുണ്ടായ ഫ്‌ളാറ്റിലും. സുഹൃത്ത് ബെന്‍ മരണവിവരം സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിന്റെ ചിറകറ്റു.

തിരുവല്ല തോപ്പില്‍ തോമസ് ബാബുവിന്റെ മകനായ ബിനോയ് തോമസ് (44) വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയത് ചാവക്കാടാണെങ്കിലും തിരുവല്ലയിലെ ബന്ധങ്ങള്‍ വിട്ടിരുന്നില്ല. അവിടുള്ള സുഹൃത്തുക്കളാണ് വിസ ശരിയാക്കി കൊടുത്തത്.

ഏഴ് വര്‍ഷത്തോളം വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു കുഞ്ഞു കൂര നിര്‍മ്മിച്ചത്. അതും ഒറ്റമുറി വീട്. പാവറട്ടിയിലെ ചെരുപ്പ് കടയിലെ ജീവനക്കാരനായിരുന്നു.

കുവൈറ്റിലെ ഫ്‌ളാറ്റിലെ തീപിടിത്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ അറിയിച്ചിരുന്നു. തീപിടിത്തം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുവരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നുവെന്ന് വീട്ടുകാരും അറിയിച്ചിരുന്നു. അന്നമ്മ തോമസാണ് മാതാവ്. ഭാര്യ: ജിനിത. മക്കള്‍: ആദി, ഇയാന്‍..

 

Back to top button
error: