LIFESocial Media

”ജിന്റോ ഏറ്റവും കൂടുതല്‍ കരഞ്ഞത് വിവാഹ ബന്ധം പിരിഞ്ഞപ്പോള്‍; അമേരിക്കന്‍ കാമുകി ഉടന്‍ വരും! വന്നാലുടന്‍”…

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ജനപ്രീയ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കത്തില്‍ മണ്ടനെന്ന് പലരും കളിയാക്കിയ ജിന്റോയുടെ അവിശ്വസനീയമായ കുതിപ്പിനാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അകത്തും പുറത്തും വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ ജിന്റോ വലിയ കുതിപ്പാണുണ്ടാക്കിയത്. ഇന്നിതാ ബിഗ് ബോസിന്റെ ഫൈനല്‍ വീക്കിലെത്തി നില്‍ക്കുകയാണ് ജിന്റോ.

ഈ സീസണിലെ വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. ശക്തമായ ജനപിന്തുണയാണ് ജിന്റോയെ നാളിതുവരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് അച്ഛനും അമ്മയും സംസാരിക്കുകയാണ്. നേരത്തെ ഇരുവരും ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ പിറന്നത് രസകരമായ നിമിഷങ്ങളായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Signature-ad

വളര്‍ന്നു വരാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജിമ്മിടുന്നതിന് മുമ്പും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അധ്വാനത്തിലൂടെ മാത്രമാണ് അവന്‍ രക്ഷപ്പെട്ട് പോന്നത്. ഓരോ സമയത്തും അവന്റെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. രാ പകല്‍ കഷ്ടപ്പാടായിരുന്നുവെന്നാണ് ജിന്റോയെക്കുറിച്ച് അമ്മ പറയുന്നത്. ജിന്റോയുടെ വിവാഹ മോചനത്തെക്കുറിച്ചും അച്ഛനും അമ്മയും സംസാരിക്കുന്നുണ്ട്.

മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നു. അവന്‍ ഒരുപാട് വിഷമിച്ചു പിരിയേണ്ടി വന്നല്ലോ എന്നോര്‍ത്ത്. അവരുടേത് പ്രണയ വിവാഹമായിരുന്നു. അവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളൊക്കെ തന്നെയായിരുന്നു. അവള്‍ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടില്‍ വരാന്‍ സാധിക്കില്ലായിരുന്നു. പയ്യെ പയ്യെ അകന്നു എന്നാണ് അമ്മ പറയുന്നത്. തല്ലിപ്പിരിഞ്ഞതല്ല. രണ്ടു പേരും പൂര്‍ണ്ണ സമ്മതത്തോടെ പിരിഞ്ഞതാണെന്നാണ് അച്ഛന്‍ പറയുന്നത്.

പ്രതികരിക്കേണ്ടിടത്ത് അവന്‍ പ്രതികരിക്കും. വേണ്ട, പ്രതികരിക്കേണ്ട സമയമല്ലെന്ന് തോന്നുന്നിടത്തു നിന്നും പിന്മാറുകയും ചെയ്യും അവന്‍. ജീവിതത്തിലും അങ്ങനെ തന്നെയാണെന്നും അമ്മയും അച്ഛനും പറയുന്നു. ബിഗ് ബോസില്‍ വച്ച് ജിന്റോ അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചത് കണ്ടപ്പോള്‍ സങ്കടം വന്നു. ഞാന്‍ ഇവിടെയിരുന്ന് കരഞ്ഞു. എനിക്ക് സുഖമില്ലാത്തതിനെക്കുറിച്ച് പറഞ്ഞതും രണ്ടു പേരും വിഷമിക്കാതിരിക്കണം എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്നാണ് അമ്മ പറയുന്നത്.

ജിന്റോയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കുന്നുണ്ട്. അവന്‍ അമിതമായി ആരോടും ഇഷ്ടക്കുറവായി സംസാരിച്ചിട്ടില്ല. കുറേയൊക്കെ അവര്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. ഗബ്രിയുമായി വഴക്കുണ്ടായപ്പോള്‍ ഒരു വാക്ക് പറഞ്ഞു. അത് അവനെ ഒരുപാട് ദ്രോഹിച്ചതു കൊണ്ടാണ്. ഷമ കെട്ടാല്‍ ആരായാലും പറഞ്ഞു പോകും. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു. ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അടുത്ത് വന്നിരുന്ന് കണ്ടമാനം ചീത്ത പറഞ്ഞാല്‍ ആരായാലും ദേഷ്യപ്പെട്ടു പോകും എന്നാണ് അമ്മ പറയുന്നത്.

ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജിന്റോയുടെ കാമുകിയെക്കുറിച്ചും അമ്മയും അച്ഛനും സംസാരിക്കുന്നുണ്ട്. ഫോണില്‍ കൂടെ ബന്ധപ്പെട്ടതാണ്. വന്നാല്‍ കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ വന്നിട്ടില്ല. അമേരിക്കയിലാണ്. പക്ഷെ മലയാളിയാണ്. അവരുടെ അപ്പനപ്പൂപ്പന്മാരായി അവിടെ തന്നെയാണ്. കൊരട്ടിക്കാരാണ്. മാട്രിമോണിയലിലൂടെയാണ് അവര്‍ പരിചയപ്പെട്ടതെന്നും അമ്മ പറയുന്നു. തങ്ങളുമായി ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും സെപ്തംബറില്‍ വരുമെന്നാണ് പറയുന്നതെന്നും വന്നാല്‍ കല്യാണം നടത്തി കൊടുക്കുമെന്നും അച്ഛനും അമ്മയും പറയുന്നുണ്ട്.

 

Back to top button
error: