‘ഇതും ഉദ്ധരിക്കാം, നാളേയ്ക്കുള്ള വഴിയായല്ലോ’: മാധ്യമങ്ങള്‍ക്കു രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍; ‘ജല്‍പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല, പൊതുതത്വങ്ങളെ പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു’

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തല്‍ പോലും വാര്‍ത്തയാണെന്നും പൊതു തത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ജല്‍പനങ്ങള്‍ക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തുടര്‍ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്.
ഇടതുപക്ഷത്തുനിന്നാണ് താന്‍ ഇടതിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാം. താന്‍ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യല്‍ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു.
പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാര്‍ക്കു നല്‍കുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പബുദ്ധി ജീവികള്‍ താന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു കുറിപ്പുകള്‍ ഇടുന്നതു കാണുന്നതേയില്ല. കുറേപ്പേര്‍ക്ക് ഉപജീവനമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ വിഷയത്തില്‍ പ്രതികരണമില്ല. ബാക്കിയുള്ള അല്‍പ സമയം ജല്‍പനങ്ങള്‍ക്കു പ്രതികരിച്ച് കളയാനില്ല. ഇതും ഉദ്ധരിക്കാം. നാളേയ്ക്കുള്ള വഴിയായല്ലോ എന്നും സച്ചിദാനന്ദന്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഇട്ട പോസ്റ്റില്‍ വരുത്തിയ തിരുത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സച്ചിദാനന്ദന്‍ വീണ്ടും കുറിപ്പുമായി എത്തിയത്. -ജയില്‍ കഥകള്‍ പുരോഗമിക്കുന്നു. മൂന്നെണ്ണമായി. ചിലത് തീരെച്ചെറുത്. എങ്ങോട്ടു പോകുന്നു എന്നു നോക്കാം. ഒരു കഥാ സമാഹാരം. ഒരു കവിതാ സമാഹാരം. ഒരു ലേഖന-പ്രഭാഷണ സമാഹാരം. ഇത്ര ഉണ്ടായേക്കും. കൊല ചെയ്യപ്പെട്ടില്ല എങ്കില്‍- എന്നായിരുന്നു ആദ്യ കുറിപ്പ്. 15 മിനുട്ടിനുശേഷം -അതിജീവിച്ചെങ്കില്‍- എന്നു തിരുത്തുകയായിരുന്നു.






