KeralaNEWS

മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട ‘വളഞ്ഞു’; പ്രതിഷേധം, അറസ്റ്റ്, ഹര്‍ത്താല്‍…

പത്തനംതിട്ട: റോഡുപണിയുടെ ഭാഗമായി പണിതുവന്ന ഓട, മന്ത്രിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുമുന്നിലെത്തിയപ്പോള്‍ ‘വളഞ്ഞ’തിനെച്ചൊല്ലി വിവാദം. സി.പി.എം. ജില്ലാ കമ്മിറ്റിയംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായെത്തി. പ്രതിഷേധിച്ച കോണ്‍ഗ്രസുകാരെ കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനംചെയ്തിട്ടുണ്ട്.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓടനിര്‍മാണമാണ് ആക്ഷേപത്തിനിടയാക്കിയത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനോടുചേര്‍ന്നുള്ള കെട്ടിടത്തിനുമുന്നിലെ ഭാഗത്തായിരുന്നു ഇത്. കുറേ ദിവസങ്ങളായി ഈ വിഷയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

Signature-ad

ചൊവ്വാഴ്ച രാവിലെ വീണ്ടും അതേരീതിയില്‍ ഓടപണി തുടങ്ങിയപ്പോഴാണ് പ്രശ്‌നമായത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലം സന്ദര്‍ശിച്ചശേഷമാണ് പണി തുടങ്ങിയതെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.

പണി തുടങ്ങി അല്പസമയത്തിനകം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ.ശ്രീധരന്‍ സ്ഥലത്തെത്തി തടഞ്ഞു. കെട്ടിടമുടമ ജോര്‍ജാണ് പ്രശ്‌നത്തിനുപിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഇതോടെ വിഷയം ആളിക്കത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി കൊടി നാട്ടി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

അതേസമയം, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലുമുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറിയായ ജോര്‍ജ് ജോസഫ് പ്രതികരിച്ചു. 43 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിലാണ് റോഡുപണി നടക്കുന്നത്.

Back to top button
error: