IndiaNEWS

വയനാടിന് വിട: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും, ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും

    മണ്ഡലം ഒഴിയും മുമ്പ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാൻ  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എത്തും.  രാവിലെ 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.

രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം 10 മണിയോടെയാണ് എടവണ്ണയില്‍ എത്തുക. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വയനാട്ടില്‍ 3 ലക്ഷത്തിലധികം  വോട്ടുകളും, റായ്ബറേലിയില്‍  4 ലക്ഷത്തില്‍ അധികം വോട്ടുകളും നേടിയാണ് രാഹുല്‍ എതിരാളികളെ പരാജയപ്പെടുത്തിയത്.

Signature-ad

എന്നാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 17നാണ് രാജി ലോക്സഭ സ്പീക്കർക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദര്‍ശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിര്‍ത്തുന്നതെന്ന് രാഹുല്‍ പ്രഖ്യാപിച്ചേക്കും. യുപി ആയിരിക്കും രാഹുല്‍ തിരഞ്ഞെടുക്കുക എന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. ഇന്ത്യസഖ്യം വൻമുന്നേറ്റമുണ്ടാക്കിയ യു.പി.യില്‍ കോണ്‍ഗ്രസിന്റെ കരുത്തുകൂട്ടാൻ മാറിയ പ്രതിച്ഛായയുള്ള രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാർട്ടി കരുതുന്നത്.

അതേസമയം, വയനാട്ടില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ് സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിർത്തുമെന്നോ രാഹുല്‍ കൂടിക്കാഴ്ചയില്‍ നേതാക്കളോട് മനസ്സ് തുറന്നില്ല

രാഹുൽ മണ്ഡലം ഒഴിഞ്ഞാൽ പകരം ആര് മത്സരിക്കുമെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. പ്രിയങ്കയ്ക്കു പക്ഷേ കേരളത്തിലേയ്ക്കു വരാൻ താല്പര്യമില്ല എന്നാണ് അറിയുന്നത്. എങ്കിൽ കെ മുരളീധരന് നറുക്ക് വീണേക്കും.

Back to top button
error: