തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സന്റും രാജിവച്ചു. ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ തോല്‍വിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍, പോസ്റ്റര്‍ ആരോപണം, ഡിസിസി ഓഫിസിലെ കയ്യാങ്കളി എന്നിവയ്ക്കു പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ചെയര്‍മാന്റെയും രാജി.
പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു. തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസി ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്നു. മര്‍ദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫിസില്‍ ഉണ്ടായിരുന്നവരും തമ്മിലും കയ്യാങ്കളി നടന്നു. സജീവനെ പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം 5 മണിക്കൂറോളം നീണ്ടുനിന്നു.
കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നില്‍ പാര്‍ട്ടി നേതാക്കളില്‍ ചിലരാണെന്ന ആരോപണം, ഫലം വന്ന അന്നു മുതല്‍ ഉയരുന്നുണ്ട്. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസിനു മുന്പില് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന്റെ പ്രചാരണത്തില്‍ സജീവമായി കൂടെയുണ്ടായിരുന്നയാളാണു സജീവന്. നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് എന്തിനെന്നു ജോസ് വള്ളൂര്‍ ചോദിച്ചതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവനെ തള്ളിയിട്ടെന്നാണ് ആക്ഷേപം.