കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്നേദിവസം കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബഞ്ച് അറിയിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഇ എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ചാലക്കുടി ഡി വൈ എസ് പിയ്ക്കാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം, ചിലരുണ്ട്, കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നുമാണ് സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.
വിവാദമായിട്ടും ആരോപണം സത്യഭാമ പിന്‍വലിക്കാന്‍ തയ്യാറായില്ല. മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.