തിരുവനന്തപുരം: മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം പുനരാവിഷ്കരിച്ച് പൊലീസ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്കരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ മോശമായി ആംഗ്യം കാണിച്ചാല്‍ കാറിന്റെ പിന് സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന.
ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നല്കിയ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നേരത്തേ രഹസ്യമൊഴി നല്‍കിയിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്.
അതേസമയം, തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നല്‍കിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ എംഎല്‍എ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് തടസപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് എംഎല്‍എ ബസില്‍ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെഎസ്ആര്‍ടിസിയില്‍ നിന്നും പൊലീസ് ശേഖരിച്ചു.
ഏപ്രില്‍ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചാണ് വാക്പോരുണ്ടായത്. തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പരാതി നല്‍കിയതിന് പിന്നാലെ തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. പട്ടം മുതല്‍ ഇവരുടെ കാര്‍ ബസിന് പുറകെ ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ് ഇവര്‍ക്ക് സൈഡ് നല്‍കിയില്ലെന്നും ഇടതുവശത്തുകൂടി ഓവര്‍ ടേക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായത്. പാളയത്ത് വച്ച് കാര്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ നിര്‍ത്തിയാണ് വാക്പോരുണ്ടായത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് മേയര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, വാഹനം തടഞ്ഞത് മേയര്‍ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യദു പൊലീസിന് മൊഴി നല്‍കിയത്. മേയര്‍ തന്നോട് മോശമായി പെരുമാറിയെന്നും വാഹനം കുറുകെയിട്ട് സര്‍വീസിന് മുടക്കം വരുത്തിയെന്നും കാട്ടി ഡ്രൈവറും പൊലീസില്‍ പരാതി നല്കി. ഇതില്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് യദു കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ആര്യയ്ക്കും സച്ചിന് ദേവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.