NEWSSocial Media

ലാലേട്ടന്റെ അമ്പാന്‍… ഡ്രൈവറില്‍നിന്നു മനസാക്ഷി സൂക്ഷിപ്പുകാരനിലേക്ക്! ഈ സ്‌നേഹത്തിന് നന്ദിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ തന്നെ അറിയാതെ മലയാളി കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഒപ്പം പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. തന്റെ സിനിമ കരിയറിന്റെ എല്ലാ ഉയര്‍ച്ചയുടെയും തന്റെ എല്ലാ നന്മയുടെയും പുറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഒരു വ്യക്തിയുണ്ടെന്നും അത് സത്യമാണെന്നും ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും ഇടയ്ക്കിടെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെ ആന്റണിയും കൂടെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഡ്രൈവറായി വന്നതാണ് ആന്റണി പെരുമ്പാവൂര്‍. പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ആന്റണിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു.

Signature-ad

പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ആത്മമിത്രമായി ആന്റണി മാറി. നേരത്തേ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ആന്റണി… താങ്കളുടെ സാന്നിധ്യത്തിനും സ്‌നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകള്‍… പ്രിയ സുഹൃത്തേ! എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ കുറിച്ചത്. ആന്റണിയുടെ പിറന്നാള്‍ മാത്രമല്ല ആന്റണിയുടെയും ഭാര്യ ശാന്തിയുടെയും വിവാഹ വാര്‍ഷികം കൂടിയായിരുന്നു അന്ന്.

പിറന്നാള്‍ ആശംസകള്‍ക്കൊപ്പം തന്റെ പ്രിയ സുഹൃത്തിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകളും മോഹന്‍ലാല്‍ നേര്‍ന്നു. ശാന്തിക്കും ആന്റണിക്കും… നിങ്ങള്‍ ഒരുമിച്ചുള്ള മറ്റൊരു വര്‍ഷം ആഘോഷിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് താരം കുറിച്ചത്.

പ്രിയ സുഹൃത്തിനെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ആരാധകരെല്ലാം ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തി. ലാലേട്ടന്റെ സാരഥിയായി തുടങ്ങി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നിര്‍മാതാവായി മാറിയ ആന്റണി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍, ലാലേട്ടാ ലക്ഷത്തില്‍ ഒന്നേ കാണു ഇതുപോലൊരു ഐറ്റം, ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകന്‍… ആന്റണി പെരുമ്പാവൂര്‍…, രാജാവും പടത്തലവനും എന്നിങ്ങനെയാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് ആരാധകര്‍ കുറിച്ച കമന്റുകള്‍.

എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്… എന്റെ എല്ലാമാണ് ലാല്‍ സാര്‍ എന്നൊക്കെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെ വിശേഷിപ്പിക്കാറുള്ളത്. ഒരിക്കല്‍ ആന്റണി എങ്ങനെ തന്റെ ജീവിതത്തിന്റെ ഭാഗമായിയെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഞാന്‍ ആന്റണിയെ കാണുന്നത്. നമുക്ക് ചില മനുഷ്യരെ കാണുമ്പോള്‍ താല്‍പര്യമൊക്കെ തോന്നില്ലേ. ആ താല്‍പര്യത്തോട് കൂടി ഞാന്‍ ആന്റണിയെ എന്റെ ഡ്രൈവറായി ക്ഷണിച്ചു. ആ സമയത്ത് എനിക്ക് കാറുണ്ടെങ്കിലും ഒരു പേഴ്സണല്‍ ഡ്രൈവര്‍ ഒന്നും ഇല്ലായിരുന്നു. അങ്ങനെ ചോദിച്ചപ്പോള്‍ ആന്റണി സമ്മതിച്ചു.

ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഡ്രൈവര്‍ എന്നതില്‍ നിന്നും മാറി മോഹന്‍ലാല്‍ കുടുംബത്തിന്റെ എല്ലാമെല്ലാമാണ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍.

ആശിര്‍വാദ് സിനിമാസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ആന്റണി പെരുമ്പാവൂരാണ്. കേരളത്തിലെ ഏറ്റവും വലിയ സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാല്‍ സിനിമകളിലൂടെ മലയാള സിനിമ നിര്‍മ്മാണ രംഗത്ത് വലിയ സ്ഥാനം ഇക്കാലം കൊണ്ട് നേടിയെടുക്കാന്‍ ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

 

 

 

Back to top button
error: