Breaking NewsLead NewsSports

വീഡിയോ ​ഗെയിം കളിക്കാനുള്ള പ്രായവേ അവനുള്ളു… ചേട്ടന്മാർക്കിടയിലെ കുഞ്ഞ് വൈഭവ്!! രാജസ്ഥാന്റെ തോൽവിയിൽ കണ്ണീരണിഞ്ഞ് സൂര്യവംശി, ഓടിയെത്തി ആശ്വസിപ്പിച്ച് യാഗ്നിക്- വീഡിയോ

കൊൽക്കത്ത: 15 വയസേയുള്ളു അവന്, എതിരാളികളുടെ വലിപ്പം എത്രകണ്ട് തിരിച്ചറിയാനാവുമെന്ന് പറയാനാകില്ല, സഞ്ജു പറഞ്ഞതുപോലെ ക്രിക്കറ്റ് അവനൊരു വീഡിയോ ​ഗെയിം കളിക്കുന്നപോലെയാണ്. അതിനാൽ തന്നെ തോൽവിൽ അവന്റെ കണ്ണുകൾ ഈറനണിയും, വിജയത്തിൽ അവൻ ആഹ്ലാദിക്കും…

ഇന്നലെ ഈഡൻ ഗാർഡൻസിലെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നിറഞ്ഞതും അതുപോലൊരു കാഴ്ചയിലായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ ഓപ്പണർ വൈഭവ് സൂര്യവൻഷി തോൽവിക്ക് പിന്നാലെ മൈതാനത്ത് തകർന്നിരിക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ ഉള്ളുലച്ചു. മത്സരശേഷം ബൗണ്ടറി ലൈനിന് സമീപം ഒറ്റക്കിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്.

Signature-ad

മത്സരം രാജസ്ഥാന്റെ തോൽവിയോടെ മത്സരം അവസാനിച്ചെങ്കിലും സുര്യവംശിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 28 പന്തിൽ 46 റൺസ് നേടി ആറു ബൗണ്ടറികളും രണ്ട് സിക്‌സുകളും അടിച്ച താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചു. എന്നാൽ മത്സരം കൈവിട്ടതോടെ യുവതാരത്തിന് വികാരങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ കരഞ്ഞുകൊണ്ട് മൈതാനത്തിരുന്നു. ഇതിനിടെ, കെകെആർ പരിശീലകസംഘത്തിലെ ദിശാന്ത് യാഗ്നിക് മുന്നോട്ട് വന്ന് സുര്യവംശിയെ ആശ്വസിപ്പിച്ചത് ശ്രദ്ധേയമായി. വലിയ പ്രകടനങ്ങളോ പ്രചാരണങ്ങളോ ഇല്ലാതെ, ഒരു കൈതാങ്ങും ചില ആശ്വാസവാക്കുകളും… അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ നിമിഷം ക്രിക്കറ്റിന്റെ മാനുഷിക മുഖം വീണ്ടും തെളിയിച്ചു.

കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഇരുവരും ഇപ്പോൾ വ്യത്യസ്ത ടീമുകളിലാണെങ്കിലും ബന്ധം തുടരുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്. ഐപിഎൽ ഈ സീസണിൽ സൂര്യവംശി ഇതുവരെ ആറു മത്സരങ്ങളിൽ നിന്ന് 246 റൺസ് നേടിയിട്ടുണ്ട്. ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിലുള്ള താരങ്ങളിൽ ഒരാളായ യുവതാരം ഭാവിയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: