IndiaNEWS

മൈസൂരില്‍ മോദി താമസിച്ച ഹോട്ടലിലെ ബില്‍ അടച്ചില്ല; 80 ലക്ഷം കുടിശ്ശിക !

ബംഗളൂരു: മൈസൂര്‍ സന്ദര്‍ശനത്തില്‍ മോദി താമസിച്ച ഹോട്ടലിലെ ബില്‍ അടച്ചില്ലെന്ന ആരോപണവുമായി അധികൃതര്‍. 80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. മൈസൂരുവിലെ റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മോദിയുടെ മൈസുരു സന്ദര്‍ശനം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്. സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു.

Signature-ad

ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചടങ്ങിലുനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയായി.

ആകെ ചെലവായ 6.33 കോടിയില്‍ പകുതിയോളം കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.3 കോടിയില്‍ ചുരുങ്ങുമായിരുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ താമസവും മറ്റ് ചെലവുകളും മൂലം അധികമായതായാണ് ആയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തോട് പണം ചോദിക്കുമ്പോഴെല്ലാം പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വനംവകുപ്പിന് ലഭിച്ച മറുപടി.

ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസണ്‍ ബ്ലൂ ഫിനാന്‍സ് ജനറല്‍ മാനേജര്‍ വനംവകുപ്പ് അധികൃതര്‍ക്ക് അയച്ച സന്ദേശത്തില്‍ തുക അടയ്ക്കാന്‍ വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്. 2024 ജൂണ്‍ 1നകം പണമടച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ, ഹോട്ടല്‍ കുടിശ്ശിക അടയ്ക്കാത്തതില്‍ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് സമൂഹമാധ്യമങ്ങളില്‍. ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബില്‍ അടയ്ക്കാന്‍ പറയാന്‍ മനുഷ്യര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു നടന്‍ പ്രകാശ് രാജിന്റെ പരിഹാസം.

 

Back to top button
error: