മുംബൈ: മദ്യലഹരിയില്‍ 17കാരന് ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വാദവുമായി പിതാവ്. അപകടം നടക്കുമ്പോള്‍ തന്റെ മകനല്ല പോര്‍ഷെ കാറോടിച്ചിരുന്നതെന്നും കുടുംബ ഡ്രൈവറായിരുന്നുവെന്നും വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ രണ്ട് സുഹൃത്തുക്കളും വിശാലിന്റെ വാദങ്ങളെ പിന്തുണച്ചിട്ടുണ്ട്.
അതേസമയം, അപകടം നടന്ന രാത്രി കാറോടിച്ചതായി ആരോപിക്കപ്പെടുന്ന ഡ്രൈവറെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അപകട സമയത്ത് പോര്‍ഷെ ഓടിച്ചിരുന്നത് താനാണെന്ന് ഫാമിലി ഡ്രൈവര്‍ തന്റെ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ വിശാല്‍ അഗര്‍വാളിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട് 17കാരന്റെ മുത്തച്ഛന് സുരേന്ദ്ര അഗര്‍വാളിനെയും പൂനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. മകനെയും പേരക്കുട്ടിയെയും കുറിച്ച് കൂടുതല്‍ അറിയാനും അപകട ദിവസം അവരുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചറിയാനുമാണ് ചോദ്യം ചെയ്യല്‍.
പ്രതിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തിന് പ്രധാനമല്ലെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ വ്യാഴാഴ്ച പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പറയാനാവില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
പൂനെയിലെ കല്ല്യാണി നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് റദ്ദാക്കിയിരുന്നു.