ചെന്നൈ: മധുര ഉസിലംപട്ടിയില്‍ ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടര്‍ന്നാണ് കൊള്ളനടത്താന്‍ മുന്‍ ബാങ്ക് ജീവനക്കാരന്‍കൂടിയായ ലെനിന്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയില്‍ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനില്‍ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോള്‍ പൂട്ടുതുറക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നില്‍ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിന്‍ ഓടിപ്പോയത്. ബൈക്കില്‍നിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തി.
പോലീസ് നടത്തിയ തിരച്ചിലില്‍ സമീപസ്ഥലത്തുനിന്ന് ലെനിന്‍ പിടിയിലായി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ സ്വകാര്യ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച ലെനിന്‍ ശമ്പളം കുറവായതിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഓണ്‍ലൈന്‍ ചൂതാട്ടം പതിവാക്കി. ഇതിലൂടെ അഞ്ചുലക്ഷം രൂപയോളം നഷ്ടമായി. ഈ നഷ്ടം നികത്താനാണ് ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചത്.
യൂട്യൂബ് വീഡിയോകളിലൂടെ ബാങ്ക് കൊള്ളയടിക്കുന്ന മാര്‍ഗങ്ങള്‍ പഠിച്ച ലെനിന്‍ പിന്നീട് ഉസിലംപട്ടിയിലുള്ള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിരീക്ഷിച്ചു. പൂട്ടുതുറക്കുന്നതിനടക്കമുള്ള ഉപകരണങ്ങള്‍ ഇയാള്‍ ഓണ്‍ലൈനിലൂടെ വാങ്ങുകയും ചെയ്തിരുന്നു.