KeralaNEWS

ഭൂമി തരംമാറ്റത്തിന് മാഫിയ; റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരും സംഘത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റ നടപടികളെ സ്വകാര്യ ഏജന്‍സികളും റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മാഫിയ നിയന്ത്രിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 സെന്റ് വരെ തരം മാറ്റാന്‍ 3 ലക്ഷം രൂപ വരെ ഏജന്‍സികള്‍ ഫീസായി ഈടാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പറില്‍നിന്നു മാത്രം 700 അപേക്ഷകള്‍ വിവിധ റവന്യു ഡിവിഷനല്‍ ഓഫിസുകളില്‍ (ആര്‍.ഡി.ഒ) ലഭിച്ചതായി വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ കണ്‍വേര്‍ഷന്‍’ പരിശോധനയില്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സികളും വിരമിച്ച ഉദ്യോഗസ്ഥരും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഒരു ഏജന്‍സിയാണു കൂട്ട അപേക്ഷകള്‍ സമര്‍പ്പിച്ചത്.

Signature-ad

ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഉടമകളെ ഏജന്‍സികള്‍ കണ്ടെത്തി ധാരണയിലേര്‍പ്പെട്ട ശേഷം ആര്‍ഡി ഓഫീസുകളില്‍ തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകള്‍ നടത്തും. ആര്‍.ഡി ഓഫീസുകളില്‍നിന്നു കൃഷി ഓഫിസിലേക്ക് എത്തുന്ന അപേക്ഷകളില്‍, ഉദ്യോഗസ്ഥരെയും പ്രാദേശികതല നിരീക്ഷണ സമിതി (എല്‍.എല്‍.എം.സി) അംഗങ്ങളെയും സ്വാധീനിച്ച് അര്‍ഹതയില്ലാത്ത ഭൂമി നിയമവിരുദ്ധമായി തരംമാറ്റും. തദ്ദേശ സ്ഥാപന പ്രസിഡന്റ് അധ്യക്ഷനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ സമിതിയില്‍ വില്ലേജ് ഓഫീസര്‍, നെല്‍ക്കര്‍ഷകരുടെ 3 പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സംവിധാനം 2 വര്‍ഷം മുന്‍പു നടപ്പായിട്ടും മുന്‍ഗണനാക്രമം തെറ്റിച്ചും ചട്ടവിരുദ്ധമായും ഇടപാടുകള്‍ നടക്കുന്നുവെന്ന് വെളിവാക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷം മുന്‍പ് സമാനമായ ഗുരുതര ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല. ഒരേ മൊബൈല്‍ നമ്പറില്‍നിന്നു ലഭിച്ച അപേക്ഷകളില്‍ നിയമപ്രകാരമാണോ നടപടികളെന്നു കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാര്‍ അറിയിച്ചു.

Back to top button
error: