KeralaNEWS

”ആറ് ദിവസം പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവംപോലും വിശ്രമിച്ചു; പിണറായി പോയത് വിശ്രമിക്കാന്‍”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയന്‍ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു. ആ വിധത്തില്‍, താങ്ങാന്‍ പറ്റാത്തവിധം സ്ട്രെയിനെടുത്ത ഒരാളെ ഒന്നുവിശ്രമിക്കാന്‍ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്? ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും ബാലന്‍ പറഞ്ഞു.

”ബഹിരാകാശത്തേക്കൊന്നുമല്ലല്ലോ മുഖ്യമന്ത്രി പോയത്. ഇത് നമ്മുടെ ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയേക്കാള്‍ മൂന്ന് ഡിഗ്രി ലോംഗിറ്റിയൂഡിലാണ് കാംപല്‍ ബേ എന്നുപറയുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പ്. അതിന്റെ തെക്കേ മുനമ്പായ പിഗ്മാലിയന്‍ മുനമ്പില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലമേയുള്ളൂ ഇന്‍ഡോനീഷ്യയിലേക്ക്. പിണറായി വിജയാ എന്ന് വിളിച്ചാല്‍ വിളികേള്‍ക്കാന്‍ പറ്റുന്ന സ്ഥലമാണത്. ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ് എനിക്ക് തോന്നുന്നത്” എ.കെ ബാലന്‍ പറഞ്ഞു.

ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിവാദമാണിതില്‍ ഉള്ളത്. സ്വകാര്യ യാത്രകള്‍ക്ക് എവിടുന്നാണ് പണം എന്നാണ് സുധാകരന്റെ ചോദ്യം. 92,000 രൂപ മാസവരുമാനം ഉണ്ട് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെയും എ.കെ ബാലന്‍ വിമര്‍ശിച്ചു. ഡൈനാമിക്കായുള്ള മന്ത്രിയാണ് ഗണേഷ് കുമാര്‍. വിഷയത്തില്‍ മന്ത്രി തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തുകയാണ് വേണ്ടതെന്ന് എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കരുത്. മന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: