മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന് സ്വദേശിനിയായ 20 കാരിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്.
ആള്‍മാറാട്ടം നടത്തിയ പെണ്‍കുട്ടി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെന്റര്‍ ഇന്‍-ചാര്‍ജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, സംശയം തോന്നാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാന്‍ഡിഡേറ്റായി പരീക്ഷ എഴുതാന്‍ സമ്മതിച്ചത്. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. അതേസമയം, പരീക്ഷാകേന്ദ്രത്തില്‍ പൊലീസ് എത്തുന്നത് കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
നേരത്തെ, രാജസ്ഥാനിലെ ഭരത്പൂരില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര് പിടിയിലായിരുന്നു. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാര്‍ത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ അഭിഷേക് ഗുപ്ത, തന്റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.