CrimeNEWS

പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാന്‍ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുന്‍സുഹൃത്ത് മാനന്തേരി താഴെക്കളത്തില്‍ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബര്‍ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ശ്യാംജിത്ത് മുന്‍കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല.

സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസില്‍ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ മൂന്ന് ഫോറന്‍സിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉള്‍പ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂര്‍ച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: