IndiaNEWS

ഭൂമിതര്‍ക്കത്തില്‍ ‘ഹനുമാന്‍’ കക്ഷി! ഒരു ലക്ഷം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭൂമിത്തര്‍ക്കത്തില്‍ ‘ഹനുമാന്‍സ്വാമി’യെ കക്ഷി ചേര്‍ത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ സ്ഥലത്തെ ആരാധനാലയത്തില്‍ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി അങ്കിത് മിശ്ര എന്നയാള്‍ നല്‍കിയ ഹരജിയാണ് പിഴ ചുമത്തി കോടതി തള്ളിയത്. ദൈവം ഒരു കേസില്‍ കക്ഷിയായി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ഹരജി തള്ളി ജസ്റ്റിസ് സി. ഹരിശങ്കറിന്റെ പരാമര്‍ശം.

സൂരജ് മലിക് എന്നയാളുടെ സ്ഥലത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അങ്കിത് കോടതിയിലെത്തിയത്. സ്വകാര്യ സ്ഥലത്താണെങ്കിലും ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും ഇതിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം കൈമാറണമെന്നുമായിരുന്നു അങ്കിതിന്റെ ആവശ്യം. സ്ഥലം ഭഗവാന്‍ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തും വിശ്വാസിയുമായാണ് താന്‍ ഹാജരാകുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഹരജിയുമായി ആദ്യം വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.

മലികിന്റെ ഉടമസ്ഥതയില്‍ സ്വകാര്യ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നതെന്നും ക്ഷേത്രമവിടെയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ സൂരജിന്റെ ഉടമസ്ഥത തള്ളിക്കളയാനാവില്ലെന്നുമായിരുന്നു വിചാരണക്കോടതിയുടെ വിധി. ഈ വിധി ചോദ്യം ചെയ്താണ് അങ്കിത് ഹൈക്കോടതിയിലെത്തുന്നത്. എന്നാല്‍ വിചാരണക്കോടതി വിധി ശരിവച്ച ഹൈക്കോടതി ഇയാളുടെ ഹരജി തള്ളുകയായിരുന്നു. പിഴത്തുകയായ ഒരു ലക്ഷം രൂപ സൂരജിന് നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

ക്ഷേത്രമിരിക്കുന്നതിനാല്‍ മലിക് തന്റെ സ്ഥലം കൈമാറ്റം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയില്‍ മിശ്ര വാദിച്ചത്. ക്ഷേത്രത്തില്‍ താന്‍ സ്ഥിരമായി പ്രാര്‍ഥിക്കാറുള്ളതാണെന്നും തനിക്ക് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തികളോട് അടിയുറച്ച വിശ്വാസമാണെന്നും മിശ്ര കോടതിയെ അറിയിച്ചു.

എന്നാല്‍, കുറച്ചധികം പേര്‍ ആരാധന നടത്തുന്ന ക്ഷേത്രമായത് കൊണ്ട് അതിരിക്കുന്ന സ്ഥലം പൊതുസ്വത്തായി പ്രഖ്യാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അങ്ങനെ വിധിയുണ്ടായാല്‍ അതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇത്തരമൊരു നീക്കം സ്വകാര്യ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാനാകൂവെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥലം കൈമാറാനാവില്ലെന്നറിയിച്ച് സൂരജ് വിചാരണക്കോടതിയില്‍ തന്നെ ഹരജി സമര്‍പ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഒഴിയാന്‍ 11 ലക്ഷം രൂപ വേണമെന്ന ഹരജിക്കാരുടെ ആവശ്യം പരിഗണിച്ച് കോടതി ഹരജി തീര്‍പ്പാക്കി. ഇതില്‍ 6 ലക്ഷം രൂപ സൂരജ് നല്‍കിയെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ ഹരജിക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സൂരജ് വീണ്ടും വിചാരണക്കോടതിയെ സമീപിച്ചു. പിന്നീടാണ് കേസിലേക്ക് ഹരജിയുമായി അങ്കിത് എത്തുന്നത്. ഹനുമാന്‍ നിയമവശാല്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നതിനാല്‍ അദ്ദേഹത്തിന് വേണ്ടി അടുത്ത സുഹൃത്തെന്ന നിലയില്‍ താന്‍ ഹാജരാകുന്നു എന്നായിരുന്നു കോടതിയില്‍ അങ്കിന്റെ വിചിത്ര വാദം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: