കൊച്ചി: പനമ്പള്ളിനഗര്‍ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിര്‍ണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി. ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാര്‍, ഭാര്യ, മകള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും മകള്‍ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടന്‍ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്.
നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്കാന്‍ ചെയ്തെടുത്താണു പൊലീസ് ‘5സി’ എന്ന ഫ്ലാറ്റിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്ളാറ്റിന്റെ ഉടമസ്ഥന് അല്ല ഇവിടെ താമസിക്കുന്നത് എന്നും സൂചനയുണ്ട്.
ഒരു പൊതി ഫ്ലാറ്റിന്റെ വശത്തുള്ള മരങ്ങള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണു സംശയമുന ഈ അപ്പാര്‍ട്ട്മെന്റിലേക്കു തിരിഞ്ഞത്. 21 ഫ്ലാറ്റുകളാണ് ഇതിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലാണു താമസക്കാരില്ലാത്തത്. ഇപ്പോള്‍ സംശയത്തിലുള്ള ഫ്ലാറ്റില്‍ താമസിക്കുന്നവരെക്കുറിച്ചു ധാരണയില്ലെന്ന് അപ്പാര്‍ട്ട്മെന്റിലെ അസോസിയേഷന് പൊലീസിനെ അറിയിച്ചതായും സൂചനയുണ്ട്.
ഇന്നു രാവിലെ 8.15നാണ് കുറിയര്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലായി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്. ഡിസിപി കെ.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.