IndiaNEWS

ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണി മരിച്ചു; അപകടം ബേബിഷവര്‍ ചടങ്ങിന് പോകവേ

ചെന്നൈ: തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപം ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഉലുന്തൂര്‍പേട്ടിനും വിരുദാചലത്തിനും ഇടയിലായിരുന്നു അപകടം. ഛര്‍ദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു.

Signature-ad

ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും യുവതി ട്രെയിനില്‍നിന്ന് വീണ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ പോയി ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല.

പിന്നീട് ഇവര്‍ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.

ഏഴ് മാസം ഗര്‍ഭിണിയായ കസ്തൂരിയുടെ ബേബിഷവര്‍ ചടങ്ങ് വെള്ളിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയില്‍നിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. ശങ്കരന്‍കോവില്‍ സ്വേദശി സുരേഷ് കുമാര്‍ ആണ് കസ്തൂരിയുടെ ഭര്‍ത്താവ്. ഒന്‍പത് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: