ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ നിന്നും 16 പോയിന്റാണ് രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു.
ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റണ്‍സ്. ജയ്സ്വാള്‍ 18 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റണ്‍സെടുത്തും പുറത്തായി. റിയാൻ പരാഗ് 11 പന്തില്‍ ഒരു സിക്സ് സഹിതം 14 റണ്‍സെടുത്ത് അമിത് മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുമായി സഞ്ജു – ജുറല്‍ സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചു.