കൊഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനായ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. വസ്ത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി. പൊലീസും തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് തുണിത്തരങ്ങള്‍ കണ്ടെത്തിയത്. ഐ.പി.സിയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
അതേസമയം ബി.ജെ.പി പ്രവര്‍ത്തകനായ ലാല്‍ എന്നയാളാണ് വസ്ത്രങ്ങള്‍ കൊണ്ടുവച്ചതെന്നും എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രഘുലാല്‍ പൊലീസിനോട് പറഞ്ഞത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് വസ്ത്രം എത്തിച്ചതിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടെ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ കൊണ്ടുവന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിശദമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.