തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്ളോഗര്‍മാര്‍ക്കെതിരേ അതിക്രമം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ ചില സംഘടനകള്‍ ഔദ്യോഗികമായി പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.