KeralaNEWS

തൃശ്ശൂര്‍ പൂരം: പ്രതിസന്ധി മാറി, നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ വെടിക്കെട്ട്; ആർപ്പുവിളികളോടെ പൂരപ്രേമികൾ

പൊലീസിന്റെ ബലപ്രയോഗത്തെ തുടർന്ന് ചരിത്രത്തിൽ ആദ്യമായി പൂരം നിര്‍ത്തി വച്ചു

    തൃശൂര്‍: രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം. വെടിക്കെട്ട് ആരംഭിക്കുന്നതിന്  മുമ്പ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധമറിയിച്ചു. പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.

ഒടുവിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി നടത്തിയ ചർച്ചകളെ തുടർന്ന് പ്രതിസന്ധിക്ക് അയവു വന്നു. തുടർന്ന് പന്തലിലെ അണച്ച ലൈറ്റുകൾ തെളിയിച്ചു.

Signature-ad

പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിച്ച് 7.15 ന് അവസാനിച്ചു. പകൽ വെളിച്ചത്തിൽ വെടിക്കെട്ട് നടത്തിയതിനാൽ  വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ല. എങ്കിലും ആർപ്പുവിളികളോടെ ജനം വെടിക്കെട്ട് ആസ്വദിച്ചു.

മാനത്ത് വർണ വിസ്മയം തീർത്ത്,  കണ്ണിനാനന്ദം പകർന്ന്, നാടിനെയാകെ ആവേശഭരിതമാക്കുന്ന  തൃശൂർ പൂരം വെടിക്കെട്ട് പക്ഷേ  നാലുമണിക്കൂർ വൈകിയാണ്  ആരംഭിച്ചത്. പാറമേക്കാവിനു  പിന്നാലെ തിരുവമ്പാടിയും പകൽവെളിച്ചത്തിൽ തന്നെ വെടിക്കെട്ട് നടത്തി.

പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. ഇത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനാണ്  ദേവസ്വം അധികൃതരുടെ തീരുമാനമെങ്കിൽ പൂരപ്രേമികൾക്കത്  നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും.

Back to top button
error: