CrimeNEWS

പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്റ്റേഷനിലാണ് സംഭവം. വോട്ടിങ് തുടങ്ങുന്നതിന് അല്‍പസമയം മുമ്പാണ് ഇവിടുത്തെ ശൗചാലയത്തില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജവാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് ജവാന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തല തറയിലിടിച്ച് ഉണ്ടായ ക്ഷതം തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

Signature-ad

സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍. 2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു. അന്ന് സിതല്‍കുച്ചി പോളിങ് ബൂത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രശ്നക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു.

കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ നിസിത് പ്രമാണിക് ആണ് ബി.ജെ.പിക്ക് വേണ്ടി കൂച്ച്ബിഹാറില്‍ മത്സരിക്കുന്നത്. നിസിതിനെതിരെ ജഗദീഷ് ബസുനിയയെ ആണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

കൂച്ച്ബിഹാര്‍ കൂടാതെ ബംഗാളിലെ അലിപുര്‍ദ്വാര്‍, ജല്‍പയ്ഗുരി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടിങ് നടക്കുന്നത്. 2019-ല്‍ ഈ രണ്ടിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റുകളിലും ബി.ജെ.പി. 18 സീറ്റുകളിലുമാണ് അന്ന് വിജയിച്ചത്.

Back to top button
error: