ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ട് പേര്‍ ടാക്‌സിയില്‍ നിന്നും റങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിനാല്‍ ഡ്രൈവറുമായി ചേര്‍ന്ന് പ്രതികളുടെ രേഖ ചിത്രങ്ങള്‍ വരയ്ക്കാനാണ് നീക്കം. അതേസമയം, ഇവര്‍ തന്നെയാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല.
ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും
സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് സംഘം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5.05 നാണ്ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം ഉണ്ടായത്. വിജയ് ചൗക്കില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്ത ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടന്നുകൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും മൂന്നു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലം പോലീസ് ബന്ധവസിലാണ്. ഇന്ത്യ ഇസ്രായേല്‍ നയതന്ത്രബന്ധത്തില്‍ 29-ാം വാര്‍ഷികം ആയിരുന്നു വെള്ളിയാഴ്ച.