പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്; അതു മറക്കരുതെന്ന് മുസ്ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുന്നുവെന്നും അവര്‍ വിഭ്രാന്തിയാലാണെന്നും പി.എം.എ സലാം; വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് സിപിഎം

മലപ്പുറം: പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അതു മറക്കരുതെന്നും ഓര്‍മപ്പെടുത്തി മുസ്ലിം ലീഗ്. മന്ത്രി സജി ചെറിയാന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ശക്തമായ മറുപടിയുമാണ് ലീഗ് നല്‍കിയത്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും അവര്‍ വിഭ്രാന്തിയിലാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുറന്നടിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കാനാണോ സജി ചെറിയാന്‍ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ക്‌സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളില്‍ ഇത്തരത്തിലാണ് അവര്‍ മത്സരിപ്പിച്ചത്. കാസര്‍കോട് നഗരസഭയിലെ കണക്കുകള്‍ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ എന്നും അദ്ദേഹം പരിഹസിച്ചു.
ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ അതിന് ലീഗ് നിന്ന് കൊടുക്കില്ല. വര്‍ഗീയതയെ തടഞ്ഞുനിര്‍ത്തുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. മലപ്പുറം ജില്ലാ പഞ്ചായത്തിലോ കാസര്‍കോട് നഗരസഭയിലോ ജയിച്ചവരുടെ പേര് പരിശോധിച്ചാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാണ് ജയിക്കുന്നതെന്ന് കാണാം. ഇത് കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കുന്നതിന് തുല്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എ ബേബിയും രംഗത്തെത്തിയിരുന്നു.






