പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവർഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റർകോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്ബ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയർച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വർഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവർത്തിക്കാനായില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
നിലവില്‍ ലോകകപ്പ് ചാമ്ബ്യൻമാരായ അർജന്റീനയാണ് ഫിഫ റാങ്കിംഗിൽ ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ബ്രസീല്‍ ടീമുകള്‍ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.
അതേസമയം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടെ ഇഗോർ സ്റ്റിമാച്ച് തന്നെ ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്. കുവൈത്തിനും ഖത്തറിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റിമാച്ചിനോട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) ആവശ്യപ്പെട്ടതായാണ് വിവരം.
ലോകകപ്പ് യോഗ്യത റൗണ്ട് മൂന്നിലേക്ക് കടക്കാൻ ഇന്ത്യക്ക് മുന്നില്‍ ഇനിയും രണ്ട് മത്സരങ്ങളുണ്ട്. യോഗ്യതാ ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ റൗണ്ട് മൂന്നിലേക്ക് കടന്നിട്ടില്ല. അതിനാല്‍ സ്റ്റിമാച്ചിനെത്തന്നെ നിലനിർത്തി മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ നീക്കം. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 11-ന് ഖത്തറിനെതിരെയും മത്സരിക്കും. കുവൈത്തിനെതിരായ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് റൗണ്ട് മൂന്നിലേക്ക് കടക്കാം.